മാതൃഭാഷ പഠനക്ളാസുകള്‍ ജൂണ്‍ ആറിന് ആരംഭിക്കും
Tuesday, June 2, 2015 4:33 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റേയും മാതൃഭാഷ പഠന സമിതിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി നടന്നു വരുന്ന സൌജന്യ മാതൃഭാഷ ക്ളാസുകള്‍ക്ക് ജൂണ്‍ ആറാം തീയതിയോടുകൂടി കുവൈറ്റിലെ വിവിധ മേഖലകളിലായി നൂറോളം കേന്ദ്രങ്ങളില്‍ തുടക്കമാകും.

പഠന പ്രവര്ത്തനങ്ങള്‍ക്ക് ഏകീകരിച്ച രൂപവും സജീവതയും പകരുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നാട്ടില്‍ നിന്നും പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ.പി. രാമകൃഷ്ണന്‍ മാസ്റര്‍ കുവൈറ്റില്‍ എത്തുകയും അധ്യാപകര്‍ക്കു പരിശീലന ക്ളാസ് നല്‍കുകയും ചെയ്തു. പരിഷ്കരിച്ച സിലബസും ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളെ സജീവമാക്കും.

കുവൈറ്റിനെ അബ്ബാസിയ, സാല്‍മിയ, ഫഹഹീല്‍ എന്നീ മൂന്നു മേഖലകളാക്കി തിരിച്ചാണു പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അബ്ബാസിയ മേഖലയില്‍ അബ്ബാസിയ, ഹസാവി, ഫര്‍വാനിയ, ജഹറ എന്നീ ഏരിയകളിലായി 55 ക്ളാസുകള്‍ തയാറായി കഴിഞ്ഞു.

ഫഹഹീല്‍ മേഖലയിലാകട്ടെ, ഫഹഹീല്‍, മംഗഫ്, അബുഹലീഫ, മഹബുള്ള, ഫിന്റ്റാസ്, സൂക്ക്സഭ എന്നീ ഏരിയകളിലായി 35 ക്ളാസുകളും സജീകരിച്ചുകഴിഞ്ഞു. സാല്‍മിയ മേഖലയില്‍ സാല്‍മിയ, റാസ്സാല്‍മിയ, ഹവല്ലി, കുവൈറ്റ് സിറ്റി, ഖൈത്താന്‍ പ്രദേശങ്ങളിലായി 16 ഓളം ക്ളാസുകളും സമിതി പ്രവര്‍ത്തകര്‍ തയാറാക്കി കഴിഞ്ഞു.

പഠന പ്രവര്‍ത്തനങ്ങളില്‍ ക്ളാസുകള്‍ തന്നും, അധ്യാപകരാകാനും പഠന ക്ളാസുകളിലേക്കു കുട്ടികളെ അയക്കാനും തയാറുള്ളവര്‍ കലയുടെയും മാതൃഭാഷ സമിതി പ്രവര്‍ത്തകരുമായും ബന്ധപെടനമെന്നു ഭാഷ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യുവും ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂടും കുവൈറ്റിലെ മലയാളി സമൂഹത്തോട് അഭ്യര്‍ഥിച്ചു. ക്ളാസുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്കു ഫഹഹീല്‍, 66117670 97262978, അബ്ബാസിയ 94069675, 99456731 സാല്‍മിയ, 99630856 55484818 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍