ഇന്ത്യക്കാര്‍ ആട്ടിടയ ജോലി ചെയ്യരുതെന്ന് എംബസിയുടെ നിര്‍ദേശം
Tuesday, June 2, 2015 4:32 AM IST
കുവൈറ്റ്: ആട്ടിടയ ജോലി സ്വീകരിക്കരുതെന്ന് ഇന്ത്യക്കാര്‍ക്കു കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ഇന്ത്യന്‍ ആട്ടിടയന്‍ കഴിഞ്ഞദിവസം മരുഭൂമിയില്‍ നിര്‍ജലീകരണം കാരണം മരിച്ച പശ്ചാത്തലത്തിലാണു നിര്‍ദേശം. ആട്ടിടയ ജോലിക്ക് അനുമതി നല്‍കാറില്ലെന്ന് എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ചിലര്‍ ഈ ജോലി ഏറ്റെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ അവരെ എതിര്‍പ്പ് അവഗണിച്ചും ആടിനെ മേയ്ക്കാന്‍ സൌദി അറേബ്യയില്‍ വരെ കൊണ്ടുപോകുന്ന സംഭവങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ അവഗണിച്ചും ആടിനെ മേയ്ക്കുന്ന ജോലി ചെയ്യണമെന്നു തൊഴിലുടമകള്‍ നിര്‍ബന്ധിച്ചാല്‍ എംബസിയെ വിവരമറിയിക്കണം. വിവിധ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലയാളികളുടെ സഹായത്തിനു സുനില കൃഷ്ണനെ (97264247, 22530409) നിയോഗിച്ചിട്ടുണ്െടന്നും എംബസി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍