പുതിയ കാല്‍വയ്പുകളുമായി ഡോക്ടര്‍മാരുടെ സംഘടന
Tuesday, June 2, 2015 4:30 AM IST
ന്യൂയോര്‍ക്ക്: നിശബ്ദ സേവനത്തിന്റെ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന അസോസിയേഷന്‍ ഓഫ് കേരളാ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് (എകെഎംജി) പുതിയ ലക്ഷ്യവും പുത്തനുണര്‍വുമായി 36-ാമത് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ നാലിനു ഫിലഡല്‍ഫിയ മാരിയട്ട് ഡൌണ്‍ടൌണ്‍ ഹോട്ടലില്‍ നടക്കും.

കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി, ആപി പ്രസിഡന്റ് ഡോ. സീമ ജയിന്‍, പെന്‍സില്‍വേനിയയിലെ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ദീര്‍ഘകാലം മനസില്‍ താലോലിക്കാനുള്ള അനുഭൂതികള്‍ പകരുന്ന സമ്മേളനം സംഘടനയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതുമായിരിക്കുമെന്ന് എകെഎംജി പ്രസിഡന്റ് ഡോ. അലക്സ് തോമസ്, കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. ജോസഫ് മാത്യു, എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍ ഡോ. മാത്യു ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഇന്ത്യാ പ്രസ്ക്ളബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡോക്ടര്‍മാരായ ധീരജ് കമലം, തോമസ് മാത്യു, മോഹന്‍ ഏബ്രഹാം, ജോണ്‍ ഏബ്രഹാം, ആശാലത നായര്‍, റിബേക്ക വര്‍ഗീസ്, കുര്യന്‍ ഏബ്രഹാം, ആന്‍ മാത്യു, ബിന്ദു പിള്ള, ഫിലിപ്പ് കെ. ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ 4, വെള്ളിയാഴ്ച സ്പിരിറ്റ് ഓഫ് ഫിലാഡല്‍ഫിയ എന്ന ബോട്ടില്‍ ഡിന്നര്‍ ക്രൂസോടെയാണു തുടക്കം. ചെണ്ടമേളവും താലപ്പൊലിയും ഓണസദ്യയും കലാപരിപാടികളും അരങ്ങേറും. ശനിയാഴ്ച ഡോ. അബ്ദുള്ള ഗോറി, ഡോ. ആശാ തോമസ് എന്നിവരുടെ നേത്രുത്വത്തിലുള്ള കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (സിഎംഇ) ഏറെ പുതുമകളുള്ളതും ക്രെഡിറ്റ് കിട്ടുന്നതുമാണ്. പ്രത്യേക അവതരണം. ചര്‍ച്ച എന്നിവ പുതുമയായിരിക്കും. വൈകുന്നേരം കലാപരിപാടികളില്‍ ബീനാ മേനോനും സംഘവും അവതരിപ്പിക്കുന്ന അമൃത സന്ധ്യ വേറിട്ട പരിപാടി ആയിരിക്കും. തുടര്‍ന്നു കാമ്പസ് കോമഡി, ഡാന്‍സ്.

സമാപന ദിനം ജയറാം ഷോ ആണു പ്രധാന കലാപരിപാടി. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഷോയില്‍ പ്രിയാ മണി, പിഷാരടി, ധര്‍മാജന്‍ ഒട്ടേറെ പേര്‍ പങ്കെടുക്കുന്നു. ഉണ്ണി മേനോന്റെ ഗാനമേളയുമുണ്ട്. ഡോ. എസ്. രാമചന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കുന്ന ലിറ്റററി സമ്മേളനം, ഡോ. ആശാലത നായര്‍ കോഓര്‍ഡിനേറ്റ് ചെയ്യുന്ന സ്പോര്‍ട്സ് തുടങ്ങിയവയും ശ്രദ്ധേയമായിരിക്കും. ഘനപ്പെട്ട സുവനീര്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നു. അതിലേക്കു സൃഷ്ടികള്‍, പരസ്യങ്ങള്‍ എന്നിവ നല്‍കാം.

കണ്‍വഷന്‍ കിക്ക്ഓഫ് മീറ്റിംഗ് ജൂണ്‍ 7 ന് ഫിലഡല്‍ഫിയയിലെ ഷോഗുണ്‍ റസ്ററന്റില്‍ സംഘടിപ്പിക്കുന്നുണ്ട്. ഡിട്രോയിറ്റ്, ചിക്കാഗോ നഗരങ്ങളിലും കിക്ക്ഓ ഫ് താമസിയാതെ നടത്തും.

ഇന്ത്യ പ്രസ്ക്ളബ് നാഷനല്‍ പ്രസിഡന്റ് ടാജ് മാത്യു, സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവല്‍, വൈസ് പ്രസിഡന്റ് ജോസ് കാടാപുറം, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൌലോസ്, വൈസ് പ്രസിഡന്റ് ജെ. മാത്യുസ്, രാജു പള്ളത്ത്, റെജി ജോര്‍ജ്, സുനില്‍ ട്രൈസ്റാര്‍, സജി ഏബ്രഹാം, പ്രിന്‍സ് മാര്‍ക്കോസ്, ഏബ്രഹാം മാത്യു, ജോര്‍ജ് ജോസഫ് തുടങ്ങിയവരും റോക്ക്ലന്‍ഡ് ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി, ഫോട്ടോഗ്രഫര്‍ അരുണ്‍ കോവാട്ട്, ബ്രിജിത്ത് ഇമ്മാനുവല്‍ തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം