ഇന്ത്യ പ്രസ് ക്ളബിനു പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന
Tuesday, June 2, 2015 4:30 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാധ്യമകൂട്ടായ്മക്കു പിന്തുണയുമായി ഡോക്ടര്‍മാരും. ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ നടക്കുന്ന ആറാമത് ദേശീയ കോണ്‍ഫറന്‍സിന് സ്പൊണ്‍സര്‍ഷിപ്പ് നല്‍കിയാണ് ഡോക്ടര്‍മാരുടെ സംഘടന എകെഎംജി (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സ്) മാധ്യമരംഗത്തിനു പുത്തന്‍ ദിശാബോധം പകര്‍ന്ന ഇന്ത്യ പ്രസ്ക്ളബ്ബിനെ പിന്തുണച്ചത്.

ഓറഞ്ച്ബര്‍ഗിലുളള സിത്താര്‍ പാലസില്‍ നടന്ന പത്രസമ്മേളനത്തിനൊടുവിലാണ് സ്പോണ്‍സര്‍ഷിപ്പ് തുക കൈമാറിയത്. എകെഎംജി നാഷണല്‍ പ്രസിഡന്റ് ഡോ. അലക്സ് തോമസ് ഇന്ത്യ പ്രസ്ക്ളബ്ബ് ദേശീയ പ്രസിഡന്റ് ടാജ് മാത്യുവിനു ചെക്ക് കൈമാറി. പ്രസ്ക്ളബ്ബ് നാഷണല്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, വൈസ് പ്രസിഡന്റ് ജോസ് കാടാപുറം, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൌലോസ്, വൈസ് പ്രസിഡന്റ് ജെ. മാത്യൂസ്, അംഗങ്ങളായ സുനില്‍ ട്രൈസ്റാര്‍, പ്രിന്‍സ് മാര്‍ക്കോസ്,, സജി ഏബ്രഹാം, ജോര്‍ജ് ജോസഫ്, രാജു പള്ളത്ത്, ഏബ്രഹാം മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ പുരോഗതിക്ക് ഇവിടുത്തെ മാധ്യമങ്ങള്‍ ചെയ്യുന്ന സംഭാവനകളെ ഡോക്ടര്‍മാര്‍ അനുമോദിച്ചു. എകെഎംജി വളര്‍ന്നതും മാധ്യമ പിന്തുണയിലൂടെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഏറ്റവും പ്രഫഷണലായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍നിന്ന് ആദ്യ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത് അഭിമാനമുളള കാര്യമാണെന്നു പ്രസ്ക്ളബ്ബ് പ്രസിഡന്റ് ടാജ് മാത്യു പറഞ്ഞു. പലരും സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം നല്‍കിയിട്ടുണ്െടങ്കിലും ഒരു പ്രഫഷണല്‍ സംഘടനയില്‍നിന്ന് ആദ്യം ചെക്ക് സ്വീകരിക്കുവാനാണ് ഇന്ത്യ പ്രസ്ക്ളബ്ബ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനകളും സംഘടനകളും തമ്മിലുളള സൌഹൃദമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ടാജ് മാത്യു അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം