സ്മൃതിപഥം: നേതാക്കളുടെ സ്മരണ പുതുക്കുന്ന 12 പ്രഭാഷണങ്ങള്‍
Monday, June 1, 2015 6:40 AM IST
അബുദാബി: മുസ്ലിം ലീഗിന്റെ നേതൃനിരയില്‍ സേവനം ചെയ്ത പ്രതിഭാ ശാലികളുടെ ജീവിതവും ദര്‍ശനവും പഠന വിധേയമാക്കാനും പുതിയ തലമുറയ്ക്ക് ആ നന്മകളെ പരിചയപ്പെടുത്താനും 'സ്മൃതിപഥം' എന്ന പേരില്‍ പ്രഭാഷണ പരമ്പരയ്ക്ക് അബുദാബിയില്‍ രൂപം നല്‍കി.

അബുദാബി കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണു പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ഉപ്പി സാഹിബ്, പോക്കര്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയ പൂര്‍വിക നേതൃത്വത്തിന്റെ ജീവിത സന്ദേശം പുതിയ തലമുറയ്ക്കു പകരുന്നതിനായി മാസത്തില്‍ ഒരു പ്രഭാഷണം എന്ന നിലയിലാണു പരിപാടി.

ഓരോ മാസവും ആദ്യ ഞായറാഴ്ച രാത്രി രാത്രി എട്ടു മുതല്‍ 10 വരെ നടക്കുന്ന പരിപാടിയുടെ വിവിധ സെഷനുകളില്‍ ചരിത്രകാരന്മാരും പ്രഗല്ഭ പ്രഭാഷകരും പങ്കെടുക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ യുഎഇ കെഎംസിസി ട്രഷറര്‍ അബ്ദുള്ള ഫാറൂഖി യുമികോണ്‍ ഐടി മാനേജിംഗ് ഡയറക്ടര്‍ അമീര്‍ഷയ്ക്കു നല്‍കി പ്രകാശനം ചെയ്തു. അബുദാബി കെഎംസിസി പ്രസിഡന്റ് നസീര്‍ മാട്ടൂല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ മംഗലാട് അധ്യക്ഷത വഹിച്ചു. അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ അലി കല്ലിങ്ങല്‍, ആലിക്കോയ പൂക്കാട്, വി.കെ. ഷാഫി, അഷ്റഫ് പൊന്നാനി, ലത്തീഫ് കടമേരി, സമദ് നടുവണ്ണൂര്‍, അബ്ദുള്ള കാക്കുനി, ജാഫര്‍ തങ്ങള്‍ വരയാലില്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ ബാസിത് സ്വാഗതവും അഷ്റഫ് നജാത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള