നാലു വര്‍ഷമായി റിയാദ് ജയിലിലുള്ള ഹാരിസിന്റെ മോചനത്തിനായി ബന്ധുക്കള്‍ കനിവു തേടുന്നു
Monday, June 1, 2015 5:43 AM IST
റിയാദ്: ബത്ഹയിലെ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനി ഷോറൂമിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസില്‍ നാലു വര്‍ഷത്തിലധികമായി റിയാദ് ജയിലില്‍ കഴിയുന്ന മലപ്പുറം മങ്കട അമ്പലക്കുത്ത് വീട്ടില്‍ ഹാരിസിന്റെ (38) ജയില്‍ മോചനത്തിനായി ബന്ധുക്കള്‍ പ്രവാസി സമൂഹത്തിന്റെ കനിവ് തേടുന്നു. തന്റെ സ്ഥാപനത്തില്‍നിന്നു കേവലം കണ്ടുപരിചയം മാത്രമുള്ള വാഹനത്തില്‍ സാധനങ്ങള്‍ കൊണ്ടു നടന്ന് വില്‍പ്പന നടത്തുന്ന സുഹൃത്തിന് 50,000 റിയാലിന്റെ ഉത്പന്നങ്ങള്‍ കടമായി നല്‍കിയതാണത്രേ ഹാരിസിനു വിനയായത്.

2011 സെപ്റ്റംബര്‍ 22നാണു ഹാരിസ് ജയിലിലാകുന്നത്. ഷോറൂമില്‍ നടന്ന 2,19,000 റിയാലിന്റെ സാമ്പത്തിക തട്ടിപ്പ് സ്പോണ്‍സര്‍ പിടികൂടിയതിലാണു ഹാരിസിനെ പ്രതി ചേര്‍ത്തത്. ഹാരിസ് പിടിയിലായ ഉടനെ ഷോറൂമില്‍ ജോലി ചെയ്തിരുന്ന യു.പി സ്വദേശിയും ബംഗ്ളാദേശി പൌരനും മറ്റൊരാളും വ്യാജ പാസ്പോര്‍ട്ടില്‍ നാട്ടിലേക്കു കടന്നു. അതോടെ എല്ലാ തിരിമറികളുടേയും ഉത്തരവാദിത്വം ഹാരിസിന്റെ പേരിലായി. റിയാദിന്റെ പുറത്ത് സാധനങ്ങള്‍ കൊണ്ടുപോയി വില്പന നടത്തുന്ന പട്ടാമ്പി സ്വദേശി മുസ്തഫയ്ക്കാണ് 50,000 റിയാലിന്റെ സാധനങ്ങള്‍ ഹാരിസ് കടമായി കൊടുത്തിരുന്നത്. കൊടുത്ത ദിവസംതന്നെ രാത്രി അക്കൌണ്ടില്‍ പണം നിക്ഷേപിക്കുമെന്നു മുസ്തഫ പറഞ്ഞിരുന്നെങ്കിലും ഫോണ്‍ പോലും സ്വിച്ച് ഓഫ് ചെയ്തു മുസ്തഫ മുങ്ങുകയായിരുന്നു.

ഹാരിസ് പിടിയിലായതറിഞ്ഞതു മുതല്‍ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ മോചനത്തിനായി അന്നത്തെ കേന്ദ്രമന്ത്രി ഇ. അഹമ്മദിനെയും ലീഗ് നേതാവ് അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി എന്നിവരെയും ബന്ധപ്പെട്ടിരുന്നത്രേ. ഇവര്‍ മുഖാന്തിരം റിയാദിലെ കെഎംസിസി നേതാക്കളുമായി ബന്ധപ്പെട്ടു. കെഎംസിസി നേതാക്കള്‍ ഹാരിസിന്റെ സ്പോണ്‍സറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 50,000 നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് ഒത്തുതീര്‍പ്പായിരുന്നു. ഹാരിസിന്റെ ബന്ധുക്കള്‍ ഭാര്യയുടെ സ്വര്‍ണം വിറ്റും മറ്റും പണം സ്വരൂപിച്ചു കമ്പനിയില്‍ അടച്ചെങ്കിലും മോചനം സാധ്യമായില്ല. പിന്നീട് ബന്ധുക്കള്‍ പലതവണ കെഎംസിസി നേതാക്കളുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.

ഇതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ സോഷ്യല്‍ഫോറം പ്രവര്‍ത്തകര്‍ ഹാരിസിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഹാരിസിന്റെ ബന്ധുക്കളുടെ അവസ്ഥ ബോധ്യപ്പെട്ട സോഷ്യല്‍ ഫോറം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സദഖത്തുള്ള നീര്‍വേലി ഇന്ത്യന്‍ എംബസിയുടെ അധികാരപത്രവുമായി ജയിലില്‍ ഹാരിസിനെ സന്ദര്‍ശിക്കുകയും കേസിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു. സദഖത്തുള്ള കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി നഷ്ടപ്പെട്ട പണത്തിന്റെ ഒരു വിഹിതം നല്‍കിയാല്‍ ഹാരിസിനെ മോചിപ്പിക്കാമെന്ന് അവര്‍ വാക്ക് നല്‍കിയിട്ടുണ്ടത്രേ.

വിവാഹം കഴിഞ്ഞ് 18 ദിവസത്തിനുശേഷം അവധി കഴിഞ്ഞെത്തിയ ഹാരിസ് രണ്ടര വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് അവധിക്കു പോകാനിരിക്കുമ്പോഴാണു ജയിലിലാകുന്നത്. ആറു വയസുള്ള മകളെ ഒരു നോക്കുകാണാന്‍ നാട്ടില്‍ പോകാനാഗ്രഹിക്കുന്ന ഹാരിസിന്റെ മോചനത്തിനായി പ്രവാസി സമൂഹം കരുണയോടെ സഹകരിക്കുമെന്നാണു ബന്ധുക്കളുടെയും സഹായത്തിനു കൂടെയുള്ളവരുടെയും പ്രതീക്ഷ. ഇദ്ദേഹത്തിന്റെ മോചനത്തിനു സഹായിക്കാന്‍ സന്‍മനസുള്ളവര്‍ സദഖത്തുള്ള നീര്‍വേലിയുമായി 0550119764 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍