ന്യൂജേഴ്സി: കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെമ്മോറിയല്‍ ഡേ വീക്കെന്‍ഡിനോടനുബന്ധിച്ച് ന്യൂജേഴ്സിയിലെ ഡിക്കന്‍സണ്‍ യൂണിവേഴ്സിറ്റി റോത്ത്മാന് സ്പോര്‍ട്സ് കോംപ്ളക്സില്‍ വച്ച് നടത്തപ്പെട്ട 27-മതു ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കൈരളി ലയണ്‍സ് ഷിക്കാഗോ ജേതാക്കളായി. അത്യധികം ആവേശകരമായ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു ബഫല്ലോ സോള്‍ജിയേഴ്സ് ടീമിനെ കീഴടക്കിയാണു ഷിക്കാഗോ ടീം ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്. സ്കോര്‍ 25-19, 25-19, 25-22.
മേയ് 23, 24 തീയതികളില്‍ നടത്തപ്പെട്ട ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിച്ചതു ന്യൂജേഴ്സിയിലെ ഗാര്ഡന് സ്റേറ്റ് സിക്സേഴ്സ് ടീമാണ്. മൂന്നു പൂളുകളിലായി നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ 13 ടീമുകള്‍ പങ്കെടുത്തു. പൂള് മത്സരങ്ങളില്‍ നേടിയ ഉയര്‍ന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഡിട്രോയിറ്റ് ഈഗിള്‍സ്, ടാമ്പാ ടൈഗേഴ്സ് എന്നീ ടീമുകള്‍ നേരിട്ടു സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ വിജയത്തിലൂടെ ബഫല്ലോ ഷിക്കാഗോ ടീമുകളും സെമിഫൈനലിനുള്ള അര്‍ഹത നേടി. വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഒടുവില്‍ ഡിട്രോയിറ്റ് ഈഗിള്‍സിനെ പരാജയപ്പെടുത്തി ബഫല്ലോയും ടാമ്പാ ടൈഗേഴ്സിനെ തോല്പിച്ച് ഷിക്കാഗോയും ഫൈനലില്‍ പ്രവേശിച്ചു.
സനല്‍ തോമസ് ടൂര്‍ണമെന്റിലെ മോസ്റ് വാല്യുവബിള്‍ പ്ളെയറായി (എംവിപി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എംവിപിയോടൊപ്പം ടൂര്‍ണമെന്റിലെ മികച്ച സെറ്റര്‍ പദവിയും സനലിനു തന്നെ ലഭിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഒഫന്‍സീവ് പ്ളെയറായി ബഫല്ലോയുടെ ജോര്‍ജ് മുണ്ടച്ചിറ തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിന്റെ ഭാഗമായി 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടത്തപ്പെട്ട മത്സരത്തില്‍ ഷിക്കാഗോയും, 40 വയസിനു മേലുള്ളവര്‍ക്കുള്ള മത്സരത്തില്‍ ന്യൂയോര്‍ക്ക് ട്രൈസ്റേറ്റ് ടീമും വിജയികളായി.
ജിബി തോമസ് (ചെയര്മാന്), ടി.എസ്. ചാക്കോ (പേട്രന്‍), ജെംസണ്‍ കുര്യാക്കോസ് (കോ-ഓര്‍ഡിനേറ്റര്‍), മാത്യു സക്കറിയ (മാനേജര്‍) എന്നിവര്‍ അടങ്ങിയ സമര്‍ഥമായ നേതൃത്വമാണു ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചത്. ന്യൂജേഴ്സിയിലെ മലയാളി സംഘടനകളുടെയും, സമൂഹത്തിന്റെയും ഉറച്ച പിന്തുണയും അവര്‍ക്കു ലഭിച്ചു. ഷിക്കാഗോയില്‍നിന്നുള്ള ടോം കാലായില്‍ പ്രസിഡന്റായുള്ള കെവിഎല്എന്എ ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായാണു ടൂര്‍ണമെന്റിന്റെ നടത്തിപ്പ്. അടുത്തവര്‍ഷത്തെ ടൂര്‍ണമെന്റ് കാനഡയിലെ ടൊറന്റോയില്വച്ചു നടത്തപ്പെടും.
ടീം അംഗങ്ങള്‍ ഷിക്കാഗോ-റിന്റു ഫിലിപ്പ് (ക്യാപ്റ്റന്‍), മെറിന് മാഗലശേരി (വൈസ് ക്യാപ്റ്റന്‍), സനല്‍ തോമസ്, ടോണി ജോര്‍ജ്, നെതിന്‍ തോമസ്, ഷോണ്‍ കദളിമറ്റം, അലക്സ് കാലായില്‍, ടോം ജോസഫ് ഈരോരിക്കല്‍, പോള്‍ എടാട്ട്, ലെറിന്‍ മാത്യു, ടോണി സംഗേരാ, മാക്സ് തച്ചേട്ട്, സീല്‍ സൈമണ്‍ (ടീം അംഗങ്ങള്‍). സിബി കദളിമറ്റം, സാജന് തോമസ്, പ്രൈസ് തോമസ്, ജയ് കാലായില്‍ (പരിശീലകര്‍), ടോം കാലായില്‍ (മാനേജര്‍).
ബഫല്ലോ- ജോര്‍ജ് മുണ്ടച്ചിറ (ക്യാപ്റ്റന്‍), സെനോ ജോസഫ്, ജോണ്‍ മാത്യു, അരുണ്‍ തോമസ്, അലോഷ് അലക്സ്, സജിന്‍ തോമസ്, സുനു കോശി, ജോതിഷ് ജേക്കബ്, ജിജി ജോര്‍ജ്, ജോജോ കുര്യന്, ചാള്‍സ് മാത്യു, ജിമ്മി തോമസ് (ടീം അംഗങ്ങള്‍), ടോമി തോമസ് (മാനേജര്‍), സിജോ ജോസഫ്, ജോസഫ് ഫ്രാന്‍സീസ് (പരിശീലകര്‍). ജയ് കാലായില്‍ അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം