2015 ല്‍ യുഎസ് വീസ അനുവദിച്ചത് 4000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്
Saturday, May 30, 2015 6:10 AM IST
വാഷിംഗ്ടണ്‍: യുഎസ് എംബസി ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കോല്‍ക്കത്ത, മുംബൈ എന്നീ കോണ്‍സുലേറ്റുകളില്‍ 2015 ല്‍ യുഎസ് വീസക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ എണ്ണം 90,000. എന്നാല്‍ വീസ അനുവദിച്ചത് 4000 പേര്‍ക്കു മാത്രം. യുഎസ് എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച അപേക്ഷയേക്കാള്‍ 60 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഇതുവരെ ലഭിച്ചതെന്നും എംബസി വക്താവു അറിയിച്ചു.

അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകദേശം 103,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നതായും ഇതില്‍ 70 ശതമാനം സയന്‍സ് ടെക്നോളജി എന്‍ജിനിയറിംഗ് മാത്തമാറ്റിക്സ് വിഭാഗത്തിലാണെന്നും എംബസി വക്താവ് പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തുന്നത് ഏറ്റവും കൂടുതല്‍ ചൈനയില്‍ നിന്നാണ്. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും. 3.3 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്നും അമേരിക്കന്‍ ഖജനാവിലേക്ക് ഓരോ വര്‍ഷവും ലഭിക്കുന്നത്. അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഒരു മുതല്‍കൂട്ടാണെന്നും ഇരു രാജ്യങ്ങള്‍ക്കും ഇത് ഗുണകരമാണെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ പറഞ്ഞു. മേയ് 27 നു യുഎസ് എംബസിയില്‍ നടന്ന സ്റുഡന്റ് വീസ ഡേ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അംബാസഡര്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍