ചില്ല സര്‍ഗവേദി പ്രതിമാസ വായന പരിപാടി സംഘടിപ്പിച്ചു
Saturday, May 30, 2015 6:07 AM IST
റിയാദ്: എഴുത്തിലും വരയിലും ചിന്തയിലും വിമതസ്വരമുള്ള വിശ്വസാഹിത്യകാരനായിരുന്നു ഒ.വി. വിജയന്‍ എന്ന് റിയാദില്‍ ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായന പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

'ഒ.വി. വിജയന്‍: വായിച്ചു തീരാത്ത വാക്കും വരയും' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഒ.വി. വിജയന്റെ വ്യത്യസ്ത മേഖലകളിലുള്ള സൃഷ്ടികള്‍ അവതരിപ്പിക്കപ്പെടുകയും ആസ്വാദന വിധേയമാക്കുകയും ചെയ്തു.

നോവല്‍, ചെറുകഥ, കോളമെഴുത്ത്, കാര്‍ട്ടൂണ്‍, ആക്ഷേപഹാസ്യം, രാഷ്ട്രീയചിന്ത എന്നിവയിലൂടെ മറ്റൊരു എഴുത്തുകാരനും പോകാത്ത വ്യത്യസ്ത ഇടങ്ങളില്‍ കടന്നുചെല്ലുകയും സ്വന്തം കൃതികള്‍ ഇംഗ്ളീഷിലേക്ക് ട്രാന്‍സ്ക്രിയേറ്റ് നടത്തുകയും ചെയ്ത വിജയന്‍ സമാനതകളില്ലാത്ത എഴുത്തുകാരനാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അനിത നസീം പറഞ്ഞു.

മലയാള സാഹിത്യസ്ഥാപനത്തെ പിടിച്ചുലയ്ക്കുകയും വായനാ സംസ്കാരത്തില്‍ നവതരംഗങ്ങള്‍ മലയാളിയില്‍ സൃഷ്ടിക്കാനും ഒ.വി. വിജയനു ആയെങ്കിലും സാഹിത്യസ്ഥാപങ്ങള്‍ വിജയനെ കണ്െടത്തിയതും അംഗീകരിച്ചതും വളരെ വൈകിയാണെന്ന് ആമുഖപ്രഭാഷണത്തില്‍ എഴുത്തുകാരനായ ജോസഫ് അതിരുങ്കല്‍ പറഞ്ഞു.

ബോധപൂര്‍വം ഉണ്ടാക്കിയെടുത്ത ഭാഷകൊണ്ടും അന്നേവരെ കാണാത്ത ആശയങ്ങള്‍ കൊണ്ടും ഖസാക്കിനു മുന്‍പും ശേഷവും എന്ന രീതിയില്‍ മലയാളസാഹിത്യ ചരിത്രത്തില്‍ ഒരു വിച്ഛേദം ഒ.വി. വിജയന്‍ സൃഷ്ടിച്ചുവെന്ന് ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു. കഴിഞ്ഞ നാലുപതിറ്റാണ്ടായി തലമുറകളായി നടക്കുന്ന നിരവധി വായനകളും പഠനങ്ങളും ഈ ക്ളാസിക് കൃതിയെ പൂര്‍ണമായും പൂരിപ്പിക്കപ്പെട്ടിട്ടില്ല. വരാനിരിക്കുന്ന വായനക്കാര്‍ ഖസാക്കില്‍ എന്താകും കണ്െടത്തുകയെന്നും പൂരിപ്പിക്കപ്പെടുകയെന്നും പറയാനാവില്ലെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഖസാക്കിലൂടെ വിജയന്‍ മലയാളിയെ ഉണര്‍ത്തിയെങ്കില്‍ ധര്‍മപുരാണം എന്ന നോവലില്‍ മറ്റൊരുഭാഷ സൃഷ്ടിച്ച് ഞെട്ടിക്കുകയായിരുന്നുവെന്ന് നൌഫല്‍ പൂവക്കുറിശി പറഞ്ഞു. അധികാരത്തിലേറിയവന്റെ ദുര്‍ഗന്ധം എന്ന പോലെ തന്നെ ദാസ്യമനോഭാവത്തിന്റെ അഴുക്കില്‍ ആറാടിനില്‍ക്കുന്ന ജനതയുടെ ശരീരശാസ്ത്രത്തേയും മാനസികഘടനയേയും സംബന്ധിച്ച യാഥാര്‍ഥ്യങ്ങളും ഒ.വി. വിജയന്‍ മറയില്ലാത്ത ഭാഷയില്‍ ധര്‍മപുരാണത്തിലൂടെ വായനക്കാരനു നല്‍കുന്നുണ്െടന്ന് നൌഫല്‍ പറഞ്ഞു.

ഒ.വി. വിജയന്റെ കഥകള്‍ വായിച്ചുകേള്‍പ്പിച്ചത് വേറിട്ടൊരനുഭവമായി. കടല്‍തീരത്ത് - ടി.ആര്‍. സുബ്രഹ്മണ്യന്‍, കാറ്റുപറഞ്ഞ കഥ - ബീന ഫൈസല്‍, ചെങ്ങന്നൂര്‍ വണ്ടി - നജിം കൊച്ചുകലുങ്ക്, വിമാനത്താവളം - പ്രിയ സന്തോഷ് എന്നിവര്‍ വായിച്ചത് ആസ്വാദ്യകരമായി. 

വിജയന്‍ കൃതികളിലെ കവിതയുടെ കാവ്യാത്മകത എന്ന വിഷയത്തില്‍ സതീഷ്ബാബു സംസാരിച്ചു. വിവിധ കൃതികളിലെ കവിതയുടെ സാന്നിധ്യം ഉദാഹരണസഹിതം വിവരിച്ചത് ഹൃദ്യമായി. ഖസാക്കിന്റെ ഇതിഹാസത്തിനു പശ്ചാത്തലമായ തസ്രാക്കിലേക്ക് നടത്തിയ യാത്രാനുഭവം ഷംല ചീനിക്കല്‍ പങ്കുവച്ചു. ഖസാക്ക് ഭൂമികയില്‍ ഒ.വി. വിജയന്റെ സാന്നിധ്യം പതിറ്റാണ്ടുകള്‍ക്കുശേഷവും അനുഭവപ്പെടുന്നുണ്െടന്ന് ഷംല പറഞ്ഞു.

'വിജയന്റെ വര' എന്ന വിഷയത്തില്‍ കാര്‍ട്ടൂണിസ്റ് നിജാസ് സംസാരിച്ചു. ഒ.വി. വിജയന്റെ വരകള്‍ ദിനപത്രങ്ങളിലെ പതിവു നേരമ്പോക്ക് കാര്‍ട്ടൂണുകളുടെ ചതുരങ്ങളില്‍ നിന്ന് മാറി ചിന്തിപ്പിക്കുന്ന ചരിത്രബോധമുള്ള കനത്തവരകളായിരുന്നുവെന്ന് നിജാസ് അഭിപ്രായപ്പെട്ടു.

ആര്‍. മുരളീധരന്‍, വിജയകുമാര്‍, മുനീര്‍ കൊടുങ്ങല്ലൂര്‍, ശ്രീജു രവീന്ദ്രന്‍, സി.എച്ച് താരീഖ്, അമല്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. എം. ഫൈസല്‍ അവലോകനം നടത്തി. നൌഷാദ് കോര്‍മത്ത് മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍