ഇന്ത്യന്‍ കുട്ടികള്‍ സ്പെല്ലിംഗ് ബീ ജേതാക്കള്‍
Saturday, May 30, 2015 2:23 AM IST
വാഷിംഗ്ടണ്‍: സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ കാന്‍സാസില്‍നിന്നുള്ള വന്യ ശിവശങ്കര്‍(13), മിസൂറിയിലെ ചെസ്റര്‍ഫീല്‍ഡില്‍ നിന്നുള്ള ഗോകുല്‍ വെങ്കടാചലം(14) എന്നീ ഇന്ത്യന്‍ വംശജര്‍ കിരീടം പങ്കുവച്ചു. പോയിന്റ് നിലയില്‍ തുല്യത പാലിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കിടുന്നത്. വിജയികള്‍ക്ക് കാഷ് പ്രൈസായി 37000 ഡോളര്‍ വീതവും സ്വര്‍ണക്കിരീടവും ലഭിക്കും. ഓക്കലഹോമയില്‍നിന്നുള്ള ഇന്ത്യന്‍ വംശജയായ കോള്‍ ഷഫര്‍ റേ എന്ന കുട്ടിക്കാണു മൂന്നാം സ്ഥാനം.

കഴിഞ്ഞ 18 സ്പെല്ലിംഗ് ബീ മത്സരങ്ങളില്‍ 14 എണ്ണത്തിലും ഇന്ത്യന്‍ വംശജരാണു വിജയിച്ചത്. ഇത്തവണ കിരീടം പങ്കിട്ട വാന്യയുടെ സഹോദരി കാവ്യ 2009 ല്‍ കിരീടം സ്വന്തമാക്കിയിരുന്നു.

അഞ്ചാം തവണയാണ് വന്യ മത്സരിക്കുന്നത്. തന്റെ കിരീടം അമ്മൂമ്മയ്ക്കു സമര്‍പ്പിക്കുകയാണെന്ന് വന്യ പറഞ്ഞു. കഠിനാധ്വാനവും തീഷ്ണതയുമാണു വിജയത്തിനാവശ്യമെന്നും അവള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരനായിരുന്നു ഗോകുല്‍ വെങ്കടാചലം. 88-ാം സ്പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുത്ത 285 പേരില്‍ പകുതിയിലധികവും ഇന്ത്യന്‍ വംശജരായിരുന്നു. 1925ലാണ് അമേരിക്കയില്‍ സ്പെല്ലിംഗ് ബീ മത്സരം ആരംഭിച്ചത്.