മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സ്വാമി ജ്ഞാന തപസ്വിയെ ആദരിച്ചു
Friday, May 29, 2015 7:24 AM IST
ദുബായി: പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞു എന്നതാണു മമ്മൂട്ടിയിലെ വ്യക്തിക്കു വലിയ വിജയം ഉണ്ടാക്കാന്‍ സാധിച്ചതിന്റെ കാരണമെന്നു സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വിക്കു മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ ജീവിത നിഷ്ടകളും കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഓരോ മലയാളിക്കും മാതൃകയാക്കാവുന്നതാണ്. തന്നെ വളര്‍ത്തിയ സമൂഹത്തിനുവേണ്ടി അദ്ദേഹം നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയിരകണക്കിന് ആളുകള്‍ക്കാണ് ജീവിത വെളിച്ചം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജീവകരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സ്വീകരണം.

സ്വീകരണ സമ്മേളനം മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ യുഎഇ രക്ഷധികാരികളായ സേഫ് കുമ്മനവും ഷിയാസ് തെങ്ങണയും സ്വാമിയെ ആദരിച്ചു. ഗുലാന്‍ സിധ്മോന്‍, അഹമ്മദ് ഷമീം, അബ്ദുല്‍ മജീദ് പൂച്ചാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.