താലോലം ലോഗോ പ്രകാശനം ചെയ്തു
Friday, May 29, 2015 5:19 AM IST
റിയാദ്: ന്യൂ ഏജ് മഴവില്‍ കുടുംബ കൂട്ടായ്മയുടെ താലോലം ലോഗോ പ്രകാശനം ചെയ്തു. ന്യൂ ഏജിന്റേയും യുവകലാ സാഹിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ റിയാദിലെ ബത്ഹയില്‍ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൈപ്പമംഗലം എം.എല്‍.എ വി.എസ്. സുനില്‍കുമാര്‍ ലോഗോ പ്രകാശനകര്‍മം നിര്‍വഹിച്ചു.

കുട്ടികളില്‍ സഹായത്തന്റെയും കരുണയുടെയും സംസ്കാരം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി നടപ്പാക്കിയ പദ്ധതിയാണു താലോലം. കുട്ടികള്‍ തങ്ങളുടെ പിറന്നാള്‍ദിനത്തില്‍ ആഘോഷങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിന്റെ ഒരു പങ്ക് അനാഥര്‍ക്കും അഗതി മന്ദിരങ്ങളിലും ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും നല്‍കുന്നതിനായി നീക്കിവയ്ക്കുന്നു. ഇതുപയോഗിച്ച് കേരളത്തിലെ തെരഞ്ഞെടുത്ത അനാഥാലയങ്ങളില്‍ ഒരു നേരത്തെ ഭക്ഷണവും അവര്‍ക്കുള്ള വസ്ത്രവും നല്‍കുകയാണു മഴവില്‍ കുടുംബ കൂട്ടായ്മയുടെ പദ്ധതി. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും വയനാട് ജില്ലയിലെ കണിയാമ്പറ്റ വൃദ്ധ വികലാംഗ ഭവനത്തിലും 10,000 രൂപ വീതം സഹായമെത്തിക്കാന്‍ താലോലം പദ്ധതിക്കു കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. താലോലം പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ 0541391154, 0502124128 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍