'ഐഎസ് ഭീകരരെ നേരിടാന്‍ വന്‍കിട രാജ്യങ്ങള്‍ മടികാണിക്കുന്നതില്‍ ദുരൂഹത'
Thursday, May 28, 2015 8:21 AM IST
മസ്കറ്റ്: ലോക മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ടു മനുഷ്യരെ ചുട്ടുകൊല്ലുകയും സ്ത്രീകളെ അടിമകളാക്കി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന ഐഎസ് ഭീകരരെ വ്യവസ്ഥാപിതവും ശക്തവുമായ മാര്‍ഗത്തിലൂടെ നേരിടാന്‍ വന്‍കിട ലോക രാജ്യങ്ങള്‍ മുന്നോട്ടു വരാത്തതില്‍ ദുരൂഹതയുണ്െടന്നു പ്രസിദ്ധ വാഗ്മിയും കെഎന്‍എം സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ ലത്തീഫ് കരിമ്പുലാക്കല്‍ അഭിപ്രായപ്പെട്ടു.

കെഐസിആര്‍ സംഘടിപ്പിച്ച 'നവോത്ഥാന പ്രസ്ഥാനം കാലിക വര്‍ത്തമാനം' എന്ന വിഷയത്തിലുള്ള ആദര്‍ശ സംവാദത്തില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഐഎസ് ഭീകരര്‍ക്കു മതവുമായോ മനുഷ്യത്വവുമായോ ഒരു ബന്ധവുമില്ലെന്നുള്ള സൌദി ഗ്രാന്‍ഡ് മുഫ്തിയുടെ പ്രസ്താവന ശ്രദ്ധേയമാണെന്ന് അബ്ദുള്‍ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

കേരള ഇസ്ലാഹി ക്ളാസ് റൂം ചെയര്‍മാന്‍ സയിദ് മുഹമ്മദ് മുസ്തഫ മോഡറേറ്റര്‍ ആയിരുന്നു. മുസ്തഫ സലഫി (അബുദാബി), അസീസ് (കോഴിക്കോട്) തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം