ഹിന്ദു സ്വസ്തിക് ചിഹ്നം പ്രദര്‍ശിപ്പിച്ച വിദ്യാര്‍ഥിയുടെ സസ്പെന്‍ഷന്‍ റദ്ദാക്കി
Thursday, May 28, 2015 8:18 AM IST
വാഷിംഗ്ടണ്‍: ഹിന്ദൂയിസത്തിന്റെ ചിഹ്നമായി കരുതുന്ന സ്വസ്തിക് ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയുടെ ഇന്റര്‍നാഷണല്‍ റെസിഡന്റ് ഹാളിലെ ബുളളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചതിന് സസ്പെന്‍ഷനിലായ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ തീരുമാനം.

മാര്‍ച്ച് 16നാണു സംഭവം. യൂണിവേഴ്സിറ്റിയുടെ ശിക്ഷണ നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണു സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ അധികൃതര്‍ തയാറായത്.

യൂണിവേഴ്സിറ്റിയുടെ തീരുമാനത്തെ ഹിന്ദു അമേരിക്കന്‍ ഫൌണ്േടഷന്‍ സ്വാഗതം ചെയ്തു. ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞു യൂണിവേഴ്സിറ്റിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി ഹിന്ദൂയിസത്തെക്കുറിച്ച് മറ്റുളള കുട്ടികള്‍ക്ക് അറിവു നല്‍കുക എന്ന സദുദ്ദേശ്യത്തോടെയാണു സ്വസ്തിക് പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു വിദ്യാര്‍ഥിയും വിദ്യാര്‍ഥിയെ അനുകൂലിക്കുന്നവരും വാദിച്ചത്.

ഹിന്ദു, ഇന്റര്‍ ഫെയ്ത്ത്, ജൂയിഷ് വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് സ്റീവന്‍ നാപ്പിനു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണു നടപടികള്‍ പിന്‍വലിച്ചു ഉത്തരവായത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍