ദമാം ഐസിസി മദ്രസയില്‍ അഡ്മിഷന്‍ തുടരുന്നു
Thursday, May 28, 2015 8:14 AM IST
ദമാം: സൌദി മതകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള പ്രബോധക വിഭാഗവും ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി ഐസിസിയില്‍ നടത്തി വരുന്ന മദ്രസയുടെ 2015 അക്കഡേമിക് വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനു അപേക്ഷകള്‍ സ്വീകരിച്ചു വരുന്നതായി ഐസിസി മലയാള വിഭാഗം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

1988 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച മദ്രസ മതപഠന രംഗത്ത് സൌദിയിലെ ആദ്യ പ്രവാസി സംവിധാനമാണ്. ഒന്നു മുതല്‍ ഏഴു വരെ ക്ളാസുകളില്‍ 16 ഡിവിഷനുകളിലായി 500 ല്‍പരം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. മലയാള വിഭാഗം പ്രബോധകന്‍ അബ്ദുള്‍ ജബാര്‍ അബ്ദുള്ള മദീനി നേതൃത്വം നല്‍കി വരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ളാസുകളിലായി മതബോധനരംഗത്തും അക്കഡേമിക് തലത്തിലും യോഗ്യതയും പ്രാഗല്ഭ്യവുമുള്ള വനിതകള്‍ അടക്കം 18 ഓളം അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

ഖുര്‍ആന്‍ അര്‍ഥംസഹിതം പാരായണം, മനഃപാഠം, ഹദീസ് പഠനം, വിശ്വാസം, ഇസ്ലാമിക കര്‍മം, അദ്ക്കാറുകള്‍, ഇസ്ലാമിക ചരിത്രം, സ്വഭാവ പഠനം, വ്യാകരണം, അറബി ഭാഷ തുടങ്ങിയ വിശാലമായ സിലബസ് ആണു നിലവിലുള്ളത്. ശനിയാഴ്ചകളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണു ക്ളാസുകള്‍. വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപഠനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മദ്രസ പഠനസമയം വര്‍ധിപ്പിക്കാനും ആലോചനകള്‍ നടന്നുവരുന്നു.

ക്ളാസ് ടെസ്റുകള്‍, അര്‍ധവാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ എന്നീ നിലകളില്‍ കുട്ടികളുടെ വൈജ്ഞാനിക നിലവാരം പരിശോധിച്ചുവരുന്നു. പാഠ്യപദ്ധതിക്കു പുറമേ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണര്‍വിനു സാഹിത്യ സമാജം, കലാ, കായിക മത്സരങ്ങള്‍ എന്നിവയും നടന്നുവരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇസ്ലാമിക പ്രചാരണം നടത്താനുള്ള പ്രസംഗ പരിശീലനം, വിവിധ വിഷയങ്ങളിലെ പ്രഗല്ഭരുടെ സഹകരണത്തോടെ നടന്നുവരുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള ബോധവത്കരണ ക്ളാസുകള്‍ എന്നിവ മദ്രസയുടെ പ്രത്യേകതയാണ്. ദമാം നഗരത്തിന്റെ ഹൃദയഭാഗത്ത് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ വിശാലമായ ജാലിയാത്ത് വക സ്വന്തം മദ്രസ കെട്ടിടം എന്നിവ കുട്ടികളുടെ മതപഠനം ലക്ഷ്യമിടുന്ന പ്രവാസികള്‍ക്ക് ഒരു നല്ല മുതല്‍ക്കൂട്ടാണ്.

ചെറുപ്പത്തില്‍ മദ്രസ പഠനം ശ്രദ്ധിക്കാന്‍ കഴിയാതെ പോയ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ ഒമ്പതാം ക്ളാസ് പൂര്‍ത്തിയാക്കിയ കൌമാരക്കാരായ വിദ്യാര്‍ഥികള്‍ക്കുമായി തുടര്‍വിദ്യാഭ്യാസ പദ്ധതി (സിആര്‍ഇ) എന്ന പേരില്‍ പ്രത്യേക പഠന ക്ളാസിലേക്കും ഇതോടൊപ്പം പ്രവേശനം നല്‍കുന്നു. പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലും ഐസിസി മദ്രസയിലും ലഭ്യമാണ്.

ജൂണ്‍ ഒന്നിനു അഞ്ചു വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കു മദ്രസയില്‍ പ്രവേശനം നേടാം. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ആറാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം