പൊതുപ്രവേശന പരീക്ഷാഫലം മാറ്റിവച്ചു
Wednesday, May 27, 2015 6:36 AM IST
ബംഗളൂരു: പിയു ഫലപ്രഖ്യാപനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ ഫലമായി കോമെഡ്-കെ, സിഇടി പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ജൂണ്‍ എട്ടിലേക്കു മാറ്റി. മേയ് 30 നു ഫലം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതോടൊപ്പം കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് എട്ടു ദിവസത്തേക്കു മാറ്റിയിട്ടുണ്ട്. സ്വകാര്യപ്രഫഷണല്‍ കോളജുകളുടെകണ്‍സോര്‍ഷ്യമായ കോമെഡ്-കെ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടകയിലെ സ്വകാര്യ, മെഡിക്കല്‍ എന്‍ജിനിയറിംഗ് കോളജുകളിലേക്കുള്ള പ്രവേശനം നിശ്ചയിക്കുന്നത്.