അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു മിലന്‍ യാത്രയയപ്പു നല്കി
Wednesday, May 27, 2015 5:42 AM IST
ഡിട്രോയിറ്റ്: പ്രശസ്ത പ്രവാസി എഴുത്തുകാരനും കവിയുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെയും മലയാളി പൌരസമിതിയുടെയും യാത്രയയപ്പ് നല്കി. മിഷിഗണിലെ മലയാള ഭാഷ സ്നേഹികളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ എകദേശം 15 വര്‍ഷങ്ങളായി പ്രവര്‍ത്തനമാരംഭിച്ച് സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ പുന്നയൂര്‍ക്കുളം, തന്റെ ഭാഷയുടെ ലാളിത്യം കൊണ്ടും സൌമ്യത കൊണ്ടും ശ്രദ്ധേയനാണ്. ഏകദേശം 30 നീണ്ട വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷമാണു അദ്ദേഹം നാട്ടിലേക്കു തിരിച്ചു പോകുന്നത്.

എളാപ്പ (കഥ), സ്നേഹ സൂചി (കവിത), ക്യാച്ചിംഗ് ഡ്രീംസ് (ഇംഗ്ളിഷ് കഥ), അമേരിക്ക യു വെയര്‍ എ സ്കാര്‍ലെറ്റ് റോസ് (കവിത ഇംഗ്ളിഷ്), ബൊക്കെ ഓഫ് ഇമോഷന്‍സ് (കഥ ഇംഗ്ളിഷ്) എന്നിവയാണു അദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍.

2015 മേയ് 17-നു ഞായറാഴ്ച വൈകുന്നേരം നടന്ന പരിപാടിയില്‍, സമൂഹത്തിന്റെ നാനാതുറയില്‍നിന്നു ഭാഷാ സ്നേഹികള്‍ പങ്കെടുത്തു. പരിപാടിയുടെ അദ്ധ്യക്ഷനായിരുന്നത് മിലന്റെ പ്രസിഡന്റ് ജയിംസ് കുരീക്കാട്ടില്‍ ആയിരുന്നു. മിലന്‍ സെക്രട്ടറി വിനോദ് കൊണ്ടൂര്‍ സ്വാഗതം അറിയിക്കുകയും, രാജീവ് കാട്ടില്‍ കൃതജ്ഞത അറിയിക്കുകയും ചെയ്തു.

ആശംസാ പ്രസംഗത്തില്‍ മിലന്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ മലയാളം സാഹിത്യത്തെക്കുറിച്ച് ഒരു അവലോകനം ചെയ്യുകയും, അദ്ദേഹത്തിന്റെ അടുത്ത കൃതി ഒരു നോവലായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിലന്‍ ജോയിന്റ് സെക്രട്ടറി ശാലിനി പ്രശാന്ത് അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ഇംഗ്ളീഷ് കൃതികളെക്കുറിച്ചു അവലോകനവും നടത്തി. മിലന്‍ ട്രഷറര്‍ മനോജ് കൃഷ്ണന്‍, ഡോ.രാധാകൃഷ്ണന്‍, ആന്റണി മണലേല്‍, മാത്യൂസ് ചെരുവില്‍, തോമസ് കര്‍ത്തനാള്‍, ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോജന്‍ തോമസ്, കേരള ക്ളബ് പ്രസിഡന്റ് ജോസ് ലൂക്കോസ്, തമ്പി, ജേക്കബ് മാത്യു, ജെയിന്‍ മാത്യൂസ്, റൂബന്‍ ഡാനിയേല്‍, ജോളി ഡാനിയേല്‍, മേരി കര്‍ത്തനാള്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. സ്നേഹസദ്യയോടെ പരിപാടികള്‍ക്കു തിരശീല വീണു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്