പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡേവിസ് താണിക്കല്‍ നിര്യാതനായി
Wednesday, May 27, 2015 4:25 AM IST
തൃശൂര്‍: ടെലഗ്രാഫ് സായാഹ്നപത്രത്തിന്റെ ന്യൂസ് എഡിറ്ററും ദീപികയുടെ മുന്‍ തൃശൂര്‍ റിപ്പോര്‍ട്ടറുമായിരുന്ന ഡേവിസ് താണിക്കല്‍ (63) നിര്യാതനായി. സംസ്കാരം ഇന്നു ചേറൂര്‍ വിജയപുരം സെന്റ് സേവ്യേഴ്സ് പള്ളിയില്‍. വടൂക്കര താണിക്കല്‍ പൌലോസിന്റേയും മറിയത്തിന്റേയും മകനായ ഡേവിസ് ചേറൂര്‍ കിണര്‍ സ്റ്റോപ്പിനു സമീപത്തായിരുന്നു താമസം. ഭാര്യ നിര്‍മല. മക്കള്‍: നിഖില്‍ ഡേവിസ് (റിപ്പോര്‍ട്ടര്‍, മനോരമ ന്യൂസ്, കോഴിക്കോട്), മിഥുന്‍ ഡേവിസ് (ബിസിനസ്), വീണ.

1968ല്‍ എലൈറ്റ് സായാഹ്ന പത്രത്തിലൂടെ പത്രപ്രവര്‍ത്തനം തുടങ്ങിയ ഡേവിസ് താണിക്കല്‍ ദീര്‍ഘകാലം ദീപികയിലും എക്സ്പ്രസിലും പ്രവര്‍ത്തിച്ചു. നിയമസഭാ വാര്‍ത്തകള്‍ എക്സ്പ്രസിനു വേണ്ടി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ശ്രുതിവാണി മാസികയുടെ പത്രാധിപസമിതിയംഗമായിരുന്നു.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, മേയര്‍ രാജന്‍ പല്ലന്‍ എന്നിവര്‍ നിര്യാണത്തില്‍ അനുശോചിച്ചു. ടെലഗ്രാഫ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ചീഫ് എഡിറ്റര്‍ വില്യംസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു.