സൌദിയില്‍ വഹനാപകടത്തില്‍ മരിച്ച അബ്ദുള്‍ സലീമിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി
Tuesday, May 26, 2015 6:17 AM IST
റിയാദ്: വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി കോഴിയോട് അബ്ദുള്‍ സലീമിന്റെ (36) കുടുംബത്തെ സഹായിക്കാന്‍ കേളി പ്രവര്‍ത്തകരില്‍നിന്നു സ്വരൂപിച്ച കുടുംബ സഹായഫണ്ട് കൈമാറി. 

ഞായറാഴ്ച കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളിയില്‍ നടന്ന ചടങ്ങില്‍ സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറിപി. ജയരാജന്‍, അബ്ദുള്‍ സലീമിന്റെ ഭാര്യ ആമിനയ്ക്ക് ഫണ്ട് കൈമാറി.

സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി പി.പി. അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി സെക്രട്ടറിയുമായ റഷീദ് മേലേതില്‍, കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ, മുന്‍ രക്ഷാധികാരി സമിതി കണ്‍വീനര്‍ വത്സന്‍, മുന്‍ കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേന്ദ്ര ട്രഷററുമായ സുരേന്ദ്രന്‍, കേന്ദ്ര കമ്മിറ്റി അംഗവും അല്‍ഖര്‍ജ് ഏരിയ സെക്രട്ടറിയുമായ ശ്രീകാന്ത്, ബത്ത ഏരിയ സെക്രട്ടറി സുധാകരന്‍ കല്ല്യാശേരി, ഉമ്മുല്‍ഹമ്മാം ഏരിയ സെക്രട്ടറി മുരളി, ദവാദ്മി ഏരിയ സെക്രട്ടറി പ്രിയേഷ്, റഫീഖ് പാലത്ത്, മുന്‍ ന്യൂസനയ ഏരിയ പ്രസിഡന്റ് ജയരാജന്‍ കൂടാതെ മുന്‍ കേളി പ്രവര്‍ത്തകര്‍, അവധിയിലുള്ള കേളി പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു. 

റിയാദില്‍നിന്ന് ഏകദേശം 130 കി.മീ. അകലെ റിയാദ്-മക്ക ഹൈവെയില്‍ ജില്ല എന്ന സ്ഥലത്തായിരുന്നു അപകടം. റിയാദില്‍നിന്നു സാധനങ്ങളുമായി ദവാദ്മിയിലേക്കു പോകുന്ന വഴി അബ്ദുള്‍ സലീം ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് പാലത്തിന്റെ വശങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന ബാറ്ററി തീ പിടിക്കുകയും വാഹനം പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നു. തീ പിടിച്ച വാഹനത്തില്‍ നിന്നു പരിക്കുകളോടെ രക്ഷപെട്ട അബ്ദുള്‍ സലീമിനെ സംഭവസ്ഥലത്തെത്തിയ സ്വദേശി പൌരന്മാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അബ്ദുള്‍ സലീമിന്റെ കുടുംബം. 11 വര്‍ഷത്തോളം സൌദിയിലുണ്ടായിരുന്ന അബ്ദുള്‍ സലീം കേളി ദവാദ്മി ഏരിയയിലെ ടൌണ്‍ യൂണിറ്റ്് അംഗമായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍