പ്ളസ്ടു പരീക്ഷയിലും അഭിരാമിക്ക് 'ഡയമണ്ട്' തിളക്കം
Tuesday, May 26, 2015 6:13 AM IST
അബുദാബി: സിബിഎസ്സി, പ്ളസ്ടു പരീക്ഷയില്‍ 94 ശതമാനം മാര്‍ക്കു നേടി പിന്നണിഗായിക അഭിരാമി അജയനു തിളക്കമാര്‍ന്ന ജയം.

ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂളില്‍ ഹ്യുമാനിറ്റിസ് മുഖ്യ വിഷയമായി പഠിച്ച അഭിരാമി ഡിസ്റിംഗ്ഷനോടെയാണ് വിജയം നേടിയത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗായികയായി അരങ്ങേറിയത്. വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷദിനൊപ്പം ആലപിച്ച 'തൊട്ട് തൊട്ട് തൊട്ട് നോക്കാതെ ..' എന്ന ഗാനം വന്‍ ഹിറ്റായി. പ്രിയദര്‍ശന്റെ ഗീതാഞ്ജലി എന്ന ചിത്രത്തില്‍ 'മധുമതിപ്പൂ വിരിഞ്ഞോ ..' ഒരു ഇന്ത്യന്‍ പ്രണയകഥയിലെ 'ഓമനക്കോമളത്താമര പൂവേ..' അയാളും ഞാനും തമ്മില്‍ എന്ന പടത്തില്‍ ഔസേപ്പച്ചന്റെ സംവിധാനത്തില്‍ ആലപിച്ച 'അഴലിന്റെ ആഴങ്ങളില്‍ ..' എന്നിവ ആസ്വാദകരുടെ മനംകവര്‍ന്നു. ജനലോരം എന്ന സിനിമയിലൂടെ തമിഴിലും അഭിരാമി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ചെന്നൈയില്‍ ഉപരിപഠനം നടത്തുന്നതിനൊപ്പം സംഗീത രംഗത്തും തുടരാനാണ് അഭിരാമിയുടെ തീരുമാനം. ആലപ്പി രംഗനാഥവര്‍മ, ഡോ. ലക്ഷ്മി മേനോന്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് എന്നിവരുടെ കീഴിലാണ് ഇപ്പോള്‍ സംഗീത പഠനം. ഹിന്ദുസ്ഥാനിസംഗീതവും ഇപ്പോള്‍ അഭ്യസിക്കുന്നു. പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഡോ. സുരേഷ് വാഡ്കാറാണു ഗുരു.

ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സംഗീത കച്ചേരിയും നടത്തിയിട്ടുണ്ട്. വിജയ് യേശുദാസിനോപ്പം ആലപിച്ച ഗാനം ഉള്‍പ്പടെ നാലു സിനിമകളിലെ ഗാനങ്ങളാണ് അഭിരാമിയുടേതായി പുറത്തുവരാനുള്ളത്.

12 വര്‍ഷത്തോളമായി യുഎയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ദമ്പതികളായ അജയ്കുമാറിന്റെയും അശ്വതിയുടെയും ഏക മകളാണ് അഭിരാമി.

തിരുവല്ല ചാത്തന്‍ങ്കരിയില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ അവധിക്കാലം ചെലവഴിക്കുകയാണ് അഭിരാമിയിപ്പോള്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള