ബ്രാംപ്റ്റണ്‍ മലയാളിസമാജം ആതുരസേവന രംഗത്തേക്ക്
Tuesday, May 26, 2015 5:00 AM IST
ഒന്റാരിയോ: ബ്രാംപ്റ്റണ്‍ മലയാളിസമാജം ആതുര സേവനരംഗത്തേക്ക്. കേരളത്തിന്റെ സംസ്കാ കാരവും, തനിമയും മുറുകെപ്പിടിച്ചു സാമൂഹിക-സാംസ്കാരിക-ക്ഷേമ പ്രവര്‍ത്തനരംഗത്ത് മുന്നിട്ടു നില്ക്കുന്ന കാനഡയിലെ മലയാളികളുടെ പ്രമുഖ കൂട്ടായ്മ ആയ ബ്രാംപ്റ്റണ്‍ മലയാളി സമാജത്തിനു കാനഡ സര്‍ക്കാരിന്റെ അധീനതയിലുള്ള കനേഡിയന്‍ ബ്ളഡ് സര്‍വീസസിന്റെ അംഗീകൃത രക്തദാന ഗ്രൂപ്പ് ആയി രജിസ്ട്രേഷന്‍ ലഭിച്ചു. മേയ് 22ന് (വെള്ളിയാഴ്ച) ഉത്തരവു ലഭിച്ചു.

ഈ അംഗീകാരം ലഭിച്ച കാനഡയിലെ ആദ്യ മലയാളിസംഘടനയാണു ബ്രാംപ്റ്റണ്‍ മലയാളി സമാജം. രക്തദാനത്തിനു പുറമേ, അവയവദാനം, ടിഷ്യൂ, സ്റെം ദാനം എന്നിങ്ങനെ വിവിധ തരം ജീവദായക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണു സമാജത്തിനു ലഭിച്ചിരിക്കുന്നത്. നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുവേണ്ടി സമാജത്തിന്റെ കീഴില്‍ 'ഹെല്‍പിംഗ് ഹാന്‍ഡ്' എന്ന വിഭാഗം വളരെക്കാലമായി പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ വിവിധ പ്രായത്തിലുള്ള മലയാളി സമൂഹത്തിന്റെ ഉന്നമനത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ക്ക് വേണ്ടിയുള്ള കിഡ്സ് വേദി, യുവാക്കള്‍ക്കുവേണ്ടി യുവജന വേദി എന്നിവ വിവിധ മേഘലകളില്‍ പ്രവര്‍ത്തനം നടത്തി വരുന്നു. കേരളത്തിന്റെ പാരമ്പര്യം ഒട്ടും ചോര്‍ന്നുപോകാത്ത രീതിയില്‍ എല്ലാവര്‍ഷവും ബ്രാംപ്റ്റണ്‍ സമാജം നടത്തി വരുന്ന വള്ളംകളി മത്സരം ഇതുപോലെ തന്നെ എടുത്തു പറയേണ്ടുന്ന ഒന്നാണ്. ബിഎംഎസ് ഡോണര്‍ ഗ്രൂപ്പിന്റെ ഔപചാരിക ഉദ്ഘാടനവും പഠന ക്യാമ്പും സെമിനാറും ജൂണ്‍ മാസത്തില്‍ നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഡോണര്‍ ഗ്രൂപിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്് ബന്ധപ്പെടുക: 647 771 9041 / 416 303 2140 /647 985 5351

റിപ്പോര്‍ട്ട്: ജയ് പിള്ള