രാജാക്കന്മാരെക്കാള്‍ ജനം ഓര്‍ക്കുന്നത് എഴുത്തുകാരെ: എം.എ. ബേബി
Monday, May 25, 2015 6:45 AM IST
കുവൈറ്റ് സിറ്റി: അക്ഷരങ്ങള്‍ക്ക് അതിജീവനശേഷിയുണ്െടന്നും അക്ഷരദീപം തെളിച്ച ഷേക്സ്പിയറിന്റെ നാമം അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഭരണാധികാരികളുടേതിനെക്കാള്‍ എന്നും ഓര്‍ക്കപ്പെടുന്നത് അതുകൊണ്ടാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കലയുടെ ഇക്കൊല്ലത്തെ മെഗാപരിപാടിയായ 'അക്ഷരം സാംസ്കാരികമേള' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എ. ബേബി.

കാലാകാലം നവീകരണത്തിനു വിധേയമാകുന്നത് ഭാഷയുടെ ആരോഗ്യത്തിനും ആകര്‍ഷണീയതക്കും ആവശ്യമാണ്. ശാസ്ത്രീയമായ ഒരു വിശാലഹൃദയത്തോടെ അന്യഭാഷകളിലെ വാക്കുകള്‍ സ്വീകരിക്കാന്‍ ഇംഗ്ളീഷിനു കഴിഞ്ഞു. അതുകൊണ്ട് ഇംഗ്ളീഷ് ഏറ്റവും വികസിതമായ ഭാഷയായി ഇന്നു ലോകത്തു നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികൂല കാലാവസ്ഥയില്‍ സ്വന്തം അതിജീവനത്തിനുവേണ്ടി പണിയെടുക്കുന്നതിനിടയിലും അപരന്റെ വൃഥകളെക്കുറിച്ച് ഓര്‍ക്കുന്നവരാണ് പ്രവാസികളെന്നും മലയാളത്തെ രക്ഷിക്കാനും സംസ്കാരത്തെ തിരിച്ചറിയാനും കല കുവൈറ്റ് മുടങ്ങാതെ നടത്തുന്ന സൌജന്യ മാതൃഭാഷാ പരിപാടി ഏറ്റവും ശ്ളാഘനീയമായ ഭാഷാസേവനമാണെന്നും ബേബി പറഞ്ഞു.

ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസിന്റെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. അവതരണ ഗാനത്തോടെ ആരംഭിച്ച മേളയില്‍ കലയുടെ പ്രതീകമായ വിളക്കേന്തിയ പെണ്‍കുട്ടി വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. സാം പൈനുംമൂട് മാതൃഭാഷ സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മികച്ച സാമൂഹ്യ സേവനത്തിനുള്ള ഈ വര്‍ഷത്തെ രമേഷ് സ്മാരക അവാര്‍ഡ് ബഹറിന്‍ പ്രതിഭ പ്രവര്‍ത്തകനായ സുബൈര്‍ കണ്ണൂരിനു നല്‍കി ആദരിച്ചു. സുബൈര്‍ കണ്ണൂരിനുള്ള പ്രശസ്തി പത്രം മീഡിയ സെക്രട്ടറി ആര്‍.നാഗനാഥന്‍ വായിച്ചു. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം ഡോ. ബിജി ബഷീറിനു നല്‍കി എം.എ.ബേബി നിര്‍വഹിച്ചു.

മാതൃഭാഷ രജതജൂബിലി ലോഗോ രൂപകല്‍പ്പന ചെയ്ത കലാ കുടുംബാംഗം സുനിലുള്ള ഉപഹാരം എം.എ. ബേബി കൈമാറി.

കല കുവൈറ്റ് പ്രവര്‍ത്തകനായ പീതന്‍ കെ. വയനാടിന്റെ കവിതാ സമാഹാരം 'നില്‍ക്കുന്നവര്‍ക്കൊപ്പം' പുസ്തക പ്രകാശനവും നടന്നു. സാഹിത്യവിഭാഗം സെക്രട്ടറി വികാസ് കീഴാറ്റൂര്‍ പുസ്തകത്തെ സദസിനു പരിചയപ്പെടുത്തി. കലയുടെ സജീവ പ്രവര്‍ത്തകരായ ബിനീഷ് ബാബുവിനും കുടുംബത്തിനും രഞ്ജിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കുമുള്ള യാത്രയയപ്പും വേദിയില്‍ നടന്നു. മാതൃഭാഷാ പഠനത്തിന്റെ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

പ്രശസ്ത എഴുത്തുകാരനായ എ. സേതുമാധവന്‍, മാതൃഭാഷ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു, വനിതാവേദി പ്രസിഡന്റ് ടോളി പ്രകാശ്, മാതൃഭാഷ വൈസ് ചെയര്‍മാന്‍ ഡോ. ബിജി ബഷീര്‍, ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സെക്രട്ടറി വിജയന്‍ കാരയില്‍, പ്രഫഷണല്‍ ഫോറം പ്രസിഡന്റ് വിനോദ് എ.പി. നായര്‍, ബാലവേദി ഫഹഹീല്‍ ഏരിയ കണ്‍വീനര്‍ അപര്‍ണ ഷൈന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

ഈ വര്‍ഷത്തെ കല കുവൈറ്റ് ബിഇസി ബാലകലാമേള ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം ബിഇസി സിഇഒ മാത്യു വര്‍ഗീസും വിശിഷ്ട അതിഥികളും ചേര്‍ന്നു നിര്‍വഹിച്ചു. അക്ഷരം ജനറല്‍ കനവീനര്‍ ജെ. സജി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്നു കല കുവൈറ്റ് കുടുംബാംഗങ്ങളുടെ കലാ സാംസ്കാരിക പരിപാടികളും വൈകുന്നേരം ആറിനു ഗസല്‍ സംഗീതത്തിന്റെ പുതിയ പേരായ ഷഹബാസ് അമന്‍ നയിച്ച ഗസല്‍ സന്ധ്യയും മേളയ്ക്കു മാറ്റുകൂട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍