കഥാപ്രസംഗ കലയ്ക്കു പുതു ജീവനേകി ജോയ് ഉടുമ്പന്നൂര്‍
Monday, May 25, 2015 6:42 AM IST
ഒന്റാരിയൊ (കാനഡ): കേരളത്തില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന കലാ രൂപമായ കഥാപ്രസംഗത്തിനു പുതുജീവനും തുടിപ്പും നല്‍കി കാനഡയില്‍ ജോയ് ഉടുമ്പന്നൂര്‍ എന്ന കലാകാരന്‍ ശ്രദ്ധേയനാകുന്നു.

ബ്രാംട്ണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണത്തിനുവേണ്ടി ധനശേഖരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ പഴയകാല ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ജോയ് ഉടുമ്പന്നൂരിന്റെ 'അനീസ്യ' എന്ന കഥ ജനഹൃദയങ്ങള്‍ കീഴടക്കി. ജോയിയും ടീമും നയിച്ച രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന കലാ വിരുന്നു കേരളത്തെയും കേരളത്തിന്റെ തനതു കലകളെയും സ്നേഹിക്കുന്ന ഒരു കൂട്ടം മലയാളികള്‍ക്കു നല്‍കിയ സ്നേഹോപഹാരം ആയിരുന്നു.

കാനഡയിലെ വിവിധ വേദികളില്‍ കലാ-സാംസ്കാരിക പ്രവര്‍ത്തങ്ങളുമായി പ്രവര്‍ത്തിച്ചുവരുന്ന ജോയ് ആന്‍ഡ് ടീം ഏകദേശം ഒന്നര പതിറ്റാണ്ടുകള്‍ക്കുശേഷമാണു വീണ്ടും കഥാപ്രസംഗം വേദിയില്‍ അവതരിപ്പിക്കുന്നത്. കേരളത്തിലെ വിവിധ വേദികളില്‍ ഉത്സവ ആഘോഷങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കലാരൂപമായ കഥാപ്രസംഗ കലയെ അതിന്റെ തനതു രീതിയില്‍ പുതു തലമുറയിലേക്കു പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞ ജോയിയുടെയും മറ്റു ടീം അംഗങ്ങളുടെയും പ്രവര്‍ത്തനം മരിച്ചുകൊണ്ടിരിക്കുന്ന കഥാപ്രസംഗ കലയ്ക്ക് പുതുജീവനും ഓജസും നല്‍കുന്നു.

ജോയിയെക്കൂടാതെ ഫിലിപ്പ് ആഞ്ചേരില്‍ ഹാര്‍മോണിയം, ലിനോ തബല, കാര്‍ത്തിക് ക്ളാരനറ്റ് ആന്‍ഡ് ഫ്ളൂട്ട്, ജോളി ജോണ്‍ ഇഫെക്ട്, ടിറ്റി, സുബീഷ് (പിന്നണി ഗായകര്‍), അരുണ്‍ സഹായി ആയും രംഗത്തുണ്ടായിരുന്നു.

ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണത്തിനു ധനശേഖരണാര്‍ഥം ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കെല്ലാം അതീതമായി സംഘടിപ്പിച്ച 'കൃതജ്ഞതോപഹാരം' എന്ന കലാ വിരുന്നില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ വിവിധ കലാ സാംസ്കാരിക-സാമൂഹിക-മത നേതാക്കള്‍ സംബന്ധിച്ചു. കഥാപ്രസംഗത്തെ തുടര്‍ന്നു സ്വരൂപ് നായരുടെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു. ചടങ്ങില്‍ ക്ഷേത്ര നിര്‍മാണത്തിലേക്കായി ധന നിക്ഷേപം നടത്തിയവര്‍ക്കുള്ള പ്ളഡ്ജുകളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള