ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകള്‍ ഭക്തി സാന്ദ്രമായി
Saturday, May 23, 2015 7:28 AM IST
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകള്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. മുഖ്യതന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ അനേകം ഭക്ത ജനങ്ങളുടെ സാന്നിധ്യത്തില്‍ വാസ്തു വിധി പ്രകാരം നിര്‍മിച്ച ശ്രീകോവിലില്‍ ഗുരുവായൂരപ്പന്റെ ചതുര്‍ ബാഹു പ്രതിഷ്ഠ നിശ്ചയിച്ചുറപ്പിച്ച ശുഭ മുഹൂര്‍ത്വത്തില്‍ നടന്നു.

മൂന്നു ദിവസത്തെ ജലാധിവാസത്തിനുശേഷം പ്രതിഷ്ഠ, കലശ മണ്ഡപത്തിലെ ശയ്യയില്‍ കിടത്തി ചക്രാബൂജ പൂജയും ധ്യാനാദിവാസവും ഹോമവും നടത്തി ഘോഷയാത്രയായി ക്ഷേത്രത്തെ പ്രദിക്ഷണം ചെയ്ത് ശ്രീകോവിലേക്ക് ആനയിക്കുകയുണ്ടായി.

പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യ സംഘം ഘോഷയാത്രക്ക് മേള കൊഴുപ്പേകി. പ്രതിഷ്ഠാധി കര്‍മ്മങ്ങള്‍ക്കുശേഷം ദീപാരാധനയ്ക്കായി നട തുറന്നപ്പോള്‍ ചന്ദന മുഖകാപ്പില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഭഗവാനെ ദര്‍ശിച്ച് ഭക്തര്‍ സായൂജ്യം നേടി.

ഗുരുവായൂര്‍ ക്ഷേത്രവും അവിടുത്തെ അന്തരീക്ഷവും ഡാളസില്‍ അനുഭവ വേദ്യമാക്കാന്‍ കഴിഞ്ഞതില്‍ അതീവ ചാരിതാര്‍ഥ്യം അനുഭവിക്കുന്നുവെന്ന് കെഎച്ച്എസ് പ്രസിഡന്റ് ഗോപാല പിളളയും ട്രെസ്റി ചെയര്‍ ഹരി പിളളയും അഭിപ്രായപ്പെട്ടു.

മേയ് 23 നു ഉത്സവം കൊടിയേറി, കഥകളി, തെയ്യം, കളരിപയറ്റ്, നൃത്ത നൃത്യങ്ങള്‍ തുടങ്ങിയ ആഘോഷങ്ങളോടെ 28നു നടക്കുന്ന ആറാട്ടോടുകൂടി ചടങ്ങുകള്‍ക്ക് വിരാമമാകും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍