സൌദി ഷിയാ മസ്ജിദില്‍ സ്ഫോടനം: 22 പേര്‍ കൊല്ലപ്പെട്ടു
Saturday, May 23, 2015 2:47 AM IST
ദമാം: സൌദിയില്‍ ഖതീഫിനടുത്ത് ഖൂദൈഹില്‍ മസ്ജിദില്‍ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഖതീഫിനടുത്ത ഖുദൈഹിലെ അലിയ്യുബിന്‍ അബീതാലിബ് മസ്ജിലാണു ബോംബ് സ്ഫോടനം നടന്നത്.
ജുമഅ പ്രാര്‍ഥന തുടങ്ങാനായി ഇഖാമത്ത് വിളിച്ച ഉടനെയായിരുന്നു സംഭവം. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച ബെല്‍റ്റ് ബോംബ് ഉപയോഗിച്ചു സ്ഫോടനം നടത്തുകയായിരുന്നു. ചാവേര്‍ ആക്രമണമാണു നടന്നതെന്നു സൌദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവം ഭീകരാക്രണമായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

പ്രാഥമിക വിവരമനുസരിച്ചു 22 പേര്‍ കൊല്ലപ്പെടുകയും 65 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയിലേക്കും ഖതീഫ് മുളര്‍ ആശുപത്രിയിലേക്കും മാറ്റി. അക്രമികള്‍ക്കെതിരേ ശകതമായ നടപടി എടുക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഖതിഫില്‍ നടന്ന ചാവേറാക്രമണത്തെ സൌദി ഗ്രാന്‍ഡ്മുഫ്തി ശൈഖ് അബുദുല്‍ അസീസ് അല്‍ ശൈഖ് കടുത്ത ഭാഷയില്‍ അപലപിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം