മലപ്പുറം കൂട്ടായ്മ റിമാല്‍ ഏഴാം വാര്‍ഷികമാഘോഷിച്ചു
Thursday, May 21, 2015 8:13 AM IST
റിയാദ്: തലസ്ഥാന നഗരിയിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ റിമാലിന്റെ ഏഴാമത് വാര്‍ഷികവും കുടുംബസംഗമവും എക്സിറ്റ്18 ലുള്ള നൂര്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു.

മലപ്പുറം മുനിസിപ്പാലിറ്റിയിലെയും ആനക്കയം, കുറുവ, ഊരകം, പൊന്മള, ഒതുക്കുങ്ങല്‍, മക്കരപ്പറമ്പ്, പാങ്ങ്, പൂക്കോട്ടൂര്‍, കോഡൂര്‍, കൂട്ടിലങ്ങാടി എന്നീ പഞ്ചായത്തുകളിലെയും റിമാല്‍ അംഗങ്ങളും കടുംബങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.

റിമാല്‍ പ്രസിഡന്റ് തറയില്‍ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. റിമാല്‍ സംഘടിതമായി സ്വരൂപിച്ച് നടത്തുന്ന ഈലാഫ് സംരംഭവും ജീവകാരുണ്യ മേഖലയില്‍ മലപ്പുറത്തേയും കൂട്ടിലങ്ങാടിയിലേയും അത്താണിക്കലിലേയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റുകള്‍ക്കു നല്‍കിവരുന്ന സഹായങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മലപ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനു റിമാലിന്റെ ഉപഹാരമായി ഏഴുലക്ഷം വില വരുന്ന രണ്ടാമത്തെ പരിചരണ വാഹനം കൈമാറി. അഞ്ചു വര്‍ഷം മുമ്പു മലപ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനു റിമാല്‍ ആദ്യ പരിചരണ വാഹനം നല്‍കിയിരുന്നു.

ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റഷീദ് കൊട്ടേക്കോടന്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം റിമാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ലക്ഷം രൂപ ചെലവഴിച്ചു.

റിമാലിന്റെ ജീവകാരുണ്യ പദ്ധതിയായ 1000 രൂപ മെംബര്‍ഷിപ്പ് പ്രോഗ്രാമിനെക്കുറിച്ചു സെക്രട്ടറി മുഹമ്മദ് പൊന്മള വിശദീകരിച്ചു. പ്രധാനമായും കാന്‍സര്‍, വൃക്ക രോഗികളെ ചികിത്സിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണു പദ്ധതി. ഇത്തരം രോഗികളെ സഹായിക്കാനുദ്ദേശിക്കുന്ന സുമനസുകള്‍ക്ക് റിമാലിന്റെ ഭാരഭാഹികളായ ഉമര്‍ പാലേങ്ങര 0567736026, സി.കെ. അബ്ദുറഹ്മാന്‍ 0506875774 എന്നിവരുമായി ബന്ധപ്പെട്ടു സഹായങ്ങള്‍ നല്‍കാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം റിമാലിന്റെ കീഴില്‍ മങ്ങാട്ടുപുലം, കൂട്ടിലങ്ങാടി, ഈസ്റ് കോഡൂര്‍, മേല്‍മുറി കൂട്ടം എന്നീ പുതിയ ഏരിയ കമ്മിറ്റികള്‍ രൂപവത്കരിച്ചു. കൂട്ടിലങ്ങാടി കമ്മിറ്റിയും റിമാലും സഹകരിച്ച് കൂട്ടിലങ്ങാടി സ്വദേശി അലവി പനങ്ങാടന്റെ വൃക്ക മാറ്റിവയ്ക്കലിനായി നാലു ലക്ഷം രൂപ സ്വരൂപിച്ചു നല്‍കുകയുണ്ടായി. പുഴയില്‍ മുങ്ങി മരിച്ച മങ്ങാട്ടുപുലം സ്വദേശി ജാഫറിന്റെ കുടുംബത്തിനു മങ്ങാട്ടുപുലം കമ്മിറ്റിയും റിമാലും സംഘടിതമായി സ്വരൂപിച്ച രണ്ടു ലക്ഷം രൂപയുടെ ഫണ്ട് റിമാല്‍ രക്ഷാധികാരി അബൂബക്കര്‍ തോരപ്പ മങ്ങാട്ടുപുലം കമ്മിറ്റി ഭാരവാഹികള്‍ക്കു ചടങ്ങില്‍ കൈമാറി.

തുടര്‍ന്നു പ്രാദേശിക കമ്മിറ്റി ഭാരാവാഹികളായ ജാഫര്‍ കിളിയണ്ണി ഈസ്റ് കോഡൂര്‍, വി.പി. റാഫി വലിയങ്ങാടി, കുഞ്ഞിക്കോയ മങ്ങാട്ടുപുലം, സമദ് സീമാടന്‍ മേല്‍മുറി, അഷ്റഫ് പൂക്കോട്ടൂര്‍, നിസാഫ് പാങ്ങ്, മച്ചിങ്ങല്‍ അബൂബക്കര്‍ കൂട്ടിലങ്ങാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം എന്ന സിംപോസിയത്തില്‍ റഫീഖ് പാറക്കല്‍ വിഷയം അവതിപ്പിച്ചു. റിമാല്‍ ലേഡീസ് വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ സുനീറ ടീച്ചര്‍ വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പി.സി. മജീദ് പരിപാടികള്‍ക്കു നേതൃത്വം നല്‍കി. റിസിന്‍ നാസര്‍ ഖിറാഅത്തും പി.സി. മജീദ് സ്വാഗതവും രാജന്‍ കാരാത്തോട് നന്ദിയും പറഞ്ഞു.

ഉമ്മര്‍ പാലേങ്ങര, ഇഖ്തിയാര്‍ പാങ്ങ്, കെ.കെ. മുജീബ്, മൊയനുദ്ദീന്‍ മൈലപ്പുറം, സി.കെ. ബാപ്പുട്ടി, മുസമ്മില്‍, യു.പി. ബഷീര്‍, അബ്ദുറഹ്മാന്‍ കുറ്റീരി, വടാകുളം നാസര്‍, സലാം കോഡൂര്‍, അസീസ് കോഡൂര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍