മാര്‍ത്തോമ മിഷന്‍ സന്ദര്‍ശന സംഘം ജൂലൈ 27നു യാത്ര തിരിക്കുന്നു
Thursday, May 21, 2015 5:35 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ വിവിധ സഭാ മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു.

ജൂലൈ 27 മുതല്‍ ഓഗസ്റ് 15 വരെ ക്രമീകരിച്ചിരിക്കുന്ന മിഷന്‍ യാത്രയില്‍ സഭയുടെ മുംബൈ ഭദ്രാസനത്തിനു കീഴില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രവര്‍ത്തിക്കുന്ന നവജീവന്‍ സെന്റര്‍, നവോദയ മൂവ്മെന്റ്, മുക്കാടാ മിഷന്‍, വാപി മിഷന്‍, ആഹ്വാ മിഷന്‍ എന്നീ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍നിന്നു സുവിശേഷ തത്പരരും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉത്സുകരുമായ യുവജനങ്ങള്‍ക്കും സഭാവിശ്വാസികള്‍ക്കും യാത്രയില്‍ പങ്കുചേരാവുന്നതാണ്. ആത്മീയ ഉന്നമനത്തിനും സഹജീവികളോടുളള ആര്‍ദ്രത നിറഞ്ഞ സമീപനം ഉളവാക്കുന്നതിനും ഈ യാത്രകള്‍ സഹായകരമാകുന്നതാണ്.

മിഷന്‍ കേന്ദ്രങ്ങള്‍ നേരിട്ടു സന്ദര്‍ശിക്കുവാനും അവിടെയുളള പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുവാനും അതില്‍ നേരിട്ട് പങ്കാളികള്‍ ആകാനുമുളള അവസരവും യാത്രയിലൂടെ ലഭ്യമാകും.

ഭദ്രാസനാധിപന്‍ മാര്‍ തിയോഡോഷ്യസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭദ്രാസന ഇന്ത്യ മിഷന്‍ സബ് കമ്മിറ്റി ക്രമീകരിച്ചിരിക്കുന്ന മിഷന്‍ സന്ദര്‍ശനത്തിനു മറിയാമ്മ ഏബ്രഹാം ജോര്‍ജ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഭദ്രാസന മീഡിയ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം