ആശുപത്രി അധികൃതരുടെ അനാസ്ഥയാല്‍ ദുരിതത്തിലായ കരീം നാടണഞ്ഞു
Thursday, May 21, 2015 4:51 AM IST
റിയാദ്: പക്ഷാഘാതത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് റിയാദിലെ അല്‍ഈമാന്‍ അശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി കരീം ആശുപത്രി അധികൃതരുടെ അനാസ്ഥയാല്‍ ദുരിതത്തിലായി ഒടുവില്‍ നാടണഞ്ഞു.

നിഹാല്‍ റെന്റ് എ കാര്‍ കമ്പനിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലിചെയ്തിരുന്ന കരീമിനെ പക്ഷാഘാതത്തെതുടര്‍ന്ന് കമ്പനി അധികൃതര്‍ റിയാദിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തെ ചികിത്സയ്ക്കു ശേഷവും കരീമിന്റെ അവസ്ഥയില്‍ യാതൊരു പുരോഗതിയും കാണാത്തതിനാല്‍ കരീമിനെ നാട്ടിലെത്തിക്കാന്‍ ഒരു സുഹൃത്ത് മുഖേന കേളി മലാസ് ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു.  സ്ട്രെക്ച്ചര്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങളും കൂടെ നാട്ടിലേക്കു പോകാന്‍ ഒരു സഹായിയെയും ഒരുക്കണമെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം കേളി മലാസ് ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകരായ ഹുസൈന്‍, നാഗപ്പന്‍ പുതുക്കോട്ട എന്നിവരുടെ ശ്രമഫലമായി കമ്പനിയുടെ സഹായത്തോടെ വിമാന ടിക്കറ്റും സ്ട്രെക്ച്ചര്‍ സൌകര്യവുമൊരുക്കി കൂടെ നാട്ടിലേക്ക് പോകാന്‍ ഒരു സഹായിയെയും തയാറാക്കി. വെളുപ്പിന് 3.10നുള്ള സൌദിയ വിമാനത്തിലാണ് കരീമിനുവേണ്ടി ടിക്കറ്റും മറ്റു സംവിധാനങ്ങളും ഒരുക്കിയിരുന്നത്. എന്നാല്‍ ഈ അവസ്ഥയിലുള്ള രോഗിയെ കൃത്യസമയത്തുതന്നെ എയര്‍പോര്‍ട്ടിലെത്തിക്കാനുള്ള ഒരു ശ്രമവും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.  രാത്രി 12 മണിയോടെ രോഗിയെ എയര്‍പോട്ടിലെത്തിക്കാന്‍ ആംബുലന്‍സ് വരുമെന്നാണ് അന്വേഷണത്തില്‍ ആശുപത്രിയിലെ നഴ്സുമാരില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്.

ഭീമമായ തുക നല്‍കി ടിക്കറ്റെടുക്കുകയും സ്ട്രെക്ച്ചറും മറ്റു സംവിധാനവും കൂടെ പോകാന്‍ ഒരാളെയുമൊരുക്കിയിട്ടും കൃത്യസമയത്ത്് രോഗിയെ എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ അനാസ്ഥയാണു കാട്ടിയത്. കേളി ജീവകാരുണ്യ പ്രവര്‍ത്തകരും കരീമിന്റെ സുഹൃത്തുക്കളും മണിക്കൂറുകളോളം ആശുപത്രിയിലും എയര്‍പോര്‍ട്ടിലുമായി കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ 3.10 നുള്ള വിമാനത്തില്‍ നാട്ടിലേക്ക് അയക്കേണ്ടണ്ട ശരീരം തളര്‍ന്നുകിടന്ന രോഗിയെ എയര്‍പോര്‍ട്ടിലെത്തിച്ചത് 2.45നായിരുന്നു. രോഗിയെ എയര്‍പോര്‍ട്ടിലെത്തിക്കാന്‍ താമസിച്ചതിനാല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അകത്തേക്കു പ്രവേശനം അനുവദിച്ചില്ല. എയര്‍പോര്‍ട്ടിലെത്തിച്ച രോഗിയെ അകത്തേള്ള വാതിലിനരികില്‍ ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ എവിടേക്കോ പോയതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും താമസം നേരിട്ടു. ഒടുവില്‍ കേളി പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണു നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി കരീമിനെ വിമാനത്തിലെത്തിക്കാന്‍കഴിഞ്ഞു. 3.10 നു പുറപ്പെടേണ്ടിയിരുന്ന വിമാനം 3.45 നാണ് പുറപ്പെട്ടത്.

ശരീരം തളര്‍ന്നുകിടന്ന കരീമിന്റെ നിറകണ്ണുകളില്‍ സഹായിച്ചവരോടുള്ള നന്ദിയും ഏറെ ദുരിതങ്ങള്‍ക്കൊടുവിലാണെങ്കിലും നാട്ടിലേക്കു പോകാനാകുന്നതിന്റെ ആശ്വാസവും തെളിഞ്ഞു കാണാമായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍