കെഫാക് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ്: മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ടീമുകള്‍ക്കു ജയം
Wednesday, May 20, 2015 7:21 AM IST
കുവൈറ്റ്: മിഷിറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ളഡ്ലൈറ്റ് സ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത് കെഫാക് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ടീമുകള്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ കണ്ണൂരും കാലിക്കട്ട് ബോയ്സും സമനിലയില്‍ പിരിഞ്ഞു.

ആദ്യ മത്സരത്തില്‍ ആക്രമണ ഫുട്ബോള്‍ കാഴ്വച്ച ഇരുടീമുകളും ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഒരു ഗോളിനു തൃശൂരിനെ ഫ്രണ്ട് ലൈന്‍ മലപ്പുറം പരാജയപ്പെടുത്തി. വിജയികള്‍ക്കുവേണ്ടി ഷഹീര്‍ ഗോള്‍ നേടി.

രണ്ടാം മത്സരത്തില്‍ കണ്ണൂരും കാലിക്കട്ട് ബോയ്സ് നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞു. കാലിക്കട്ട് ബോയ്സ് ഗോളിയുടെ എണ്ണം പറഞ്ഞ രക്ഷപ്പെടുത്തലുകളാണ് കളിയെ തുല്യതയിലേക്ക് നയിച്ചത്. മറ്റൊരു മത്സരത്തില്‍ വയനാട് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തി. കളി തുടങ്ങിയതു മുതല്‍ തന്നെ കോഴിക്കോടന്‍ പ്രതിരോധഭിത്തിയിലൂടെ വയനാടിന്റെ ആക്രമണകാരികള്‍ ഊളിയിട്ടിറങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ മാത്രമേ ലക്ഷ്യം കാണുവാന്‍ സാധിച്ചുള്ളൂ. വിജയികള്‍ക്കുവേണ്ടി ജിബു, ബെന്‍ എന്നിവര്‍ ഗോളുകള്‍ നേടി. തിരുവനന്തപുരവും അപ്സര കാസര്‍ഗോഡും തമ്മില്‍ നടന്ന നാലാം മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തിരുവനന്തപുരം വിജയിച്ചു. കാസര്‍ഗോഡ് താരങ്ങള്‍ പന്തു കൂടുതല്‍ കൈവശം വച്ചെങ്കിലും കരുത്തുറ്റ തിരുവനന്തപുരം പ്രതിരോധവും തകര്‍പ്പന്‍ ഫോമിലുള്ള ഗോളിയും അവയെല്ലാം വിഫലമാക്കുകയായിരുന്നു. അവസാന മത്സരത്തില്‍ ബഹര്‍ മലപ്പുറത്തെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പാലക്കാടിനെ മറികടന്നു തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. വിജയികള്‍ക്കുവേണ്ടി ജിനീഷ് കുട്ടാപ്പുവും ഫൈസലും ഗോളുകള്‍ നേടിയപ്പോള്‍ മലപ്പുറത്തിനുവേണ്ടി ഷംസുദ്ദീന്‍ ഏക ഗോള്‍ നേടി. ലീഗ് റൌണ്ട് മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ ഗ്രുപ്പ് എ യില്‍ ഏഴു പോയന്റുകള്‍ നേടി തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം ടീമുകളും ഗ്രൂപ്പു ബിയില്‍ ഏഴു പോയിന്റോടെ എറണാകുളവും മുന്നിട്ടുനില്‍ക്കുകയാണ്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മിശ്രിഫ് ഫ്ളഡ്ലൈറ്റ് സ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഫ്രണ്ട് ലൈന്‍ മലപ്പുറം വയനാടുമായും എറണാകുളം കണ്ണൂരുമായും തൃശൂര്‍ കാസര്‍ഗോഡുമായും കാലിക്കട്ട് ബോയ്സ് പാലക്കാടുമായും കോഴിക്കോട് (കെഡിഎന്‍എ) തിരുവനന്തപുരമായും ഏറ്റുമുട്ടും.

കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍