ഒരുമ ഒരുമനയൂര്‍ വാര്‍ഷിക സംഗമം അബുദാബിയില്‍ മേയ് 22ന്
Wednesday, May 20, 2015 7:15 AM IST
അബുദാബി: പ്രമുഖ പ്രാദേശിക സംഘടനയായ ഒരുമ ഒരുമനയൂര്‍ 14 -ാമത് വാര്‍ഷികാഘോഷങ്ങള്‍ മേയ് 22നു (വെള്ളി) വൈകുന്നേരം 5.30 മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

കേരള ഗതാഗത, വനം വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. ഫിജി അംബാസഡര്‍ റോബിന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

യുഎയില്‍ എണ്ണൂറോളം അംഗങ്ങളുള്ള സംഘടന ഒരുമനയൂര്‍ പഞ്ചായത്തില്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കാണു നേതൃത്വം നല്‍കുന്നത്. പാവപ്പെട്ടവര്‍ക്കു സൌജന്യ ഭൂമിവിതരണം, പെന്‍ഷന്‍ പദ്ധതി, കുടിവെള്ള വിതരണം, വിദ്യാഭ്യാസ ധന സഹായം, സ്മാര്‍ട്ട് ക്ളാസ് പദ്ധതി, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ പരിപാടികളാണു നാട്ടില്‍ സംഘടിപ്പിക്കുന്നത്. രണ്ടായിരത്തിലേറെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അംഗങ്ങള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിക്കും. യുഎയില്‍ മരിച്ച അംഗങ്ങളുടെ കുടുംബത്തിനു ഒരു ലക്ഷം രൂപ ധനസഹായം നല്‍കി വരുന്നു. ഈ തുകയില്‍ കാലോചിതമായ വര്‍ധന നടപ്പിലാക്കും.

വാര്‍ഷികത്തോടനുബന്ധിച്ചു യുഎയിലെ ഉന്നത വിദ്യാഭ്യാസരംഗത്തു സമഗ്ര സംഭാവനകള്‍ നല്‍കിയ ഡോ. ജ്യോതിഷ്കുമാറിനെ ഒരുമ എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും. തുടര്‍ന്നു പ്രമുഖ ഗായകരായ കണ്ണൂര്‍ ഷെരീഫ്, സിന്ധു പ്രേംകുമാര്‍, ഹംദാ നൌഷാദ് എന്നിവര്‍ നയിക്കുന്ന സംഗീതവിരുന്നും നടക്കും.

പ്രസിഡന്റ് റസാക്ക് ഒരുമനയൂര്‍, കണ്‍വീനര്‍ വി.സി. കാസിം, അബുദാബി കമ്മിറ്റി പ്രസിഡന്റ് വി.കെ. ഷംസുദീന്‍, സെക്രട്ടറി കെ. ഹനീഫ, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് നജ്മല്‍ ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള