റിയാദ്-മക്ക ഹൈവേയില്‍ വാഹനാപകടം; മലയാളിയടക്കം നാലു മരണം
Wednesday, May 20, 2015 7:14 AM IST
റിയാദ്: റിയാദ്-മക്ക ഹൈവേയില്‍ റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ അല്‍ഖസറയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലയാളിയടക്കം നാലു പേര്‍ മരിച്ചു.

മലപ്പുറം പെരിന്തല്‍മണ്ണ തഴേക്കോട് സ്വദേശി തിരിയോലപ്പറ്റ മൊയ്തീന്‍ ഫാത്തിമ ദമ്പതികളുടെ മകന്‍ ജാഫര്‍ (30) ആണു മരിച്ച മലയാളി. രണ്ടു യുപി സ്വദേശികളും ഒരു ഈജിപ്തുകാരനുമാണ് മരിച്ച മറ്റു മൂന്നു പേര്‍. ബംഗ്ളാദേശ് പൌരനു ഗുരുതരമായി പരിക്കേറ്റു. മൃതദേഹങ്ങള്‍ അല്‍ ഖസറക്കടുത്തുള്ള ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ദമാമിലെ ഒരു പെയിന്റിംഗ് കമ്പനിയിലെ തൊഴിലാളികളാണ് വണ്ടിയിലുണ്ടായിരുന്നവര്‍. കമ്പനിയിലെ ജോലി ആവശ്യാര്‍ഥം അല്‍ ഖസറയില്‍ വന്നതായിരുന്നു ഇവര്‍. മറ്റൊരു കമ്പനിയിലെ ഡ്രൈവറായ ഈജിപ്ഷ്യന്‍ പൌരന്‍ ഓടിച്ചിരുന്ന പിക്കപ്പ് കാറാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരില്‍ ബംഗ്ളാദേശി പൌരന്‍ ഒഴികെ മറ്റെല്ലാവരും മരിച്ചു. മരിച്ച മറ്റുള്ളവരുടെ പേരു വിവരം അറിവായിട്ടില്ല.

ദമാമില്‍ പെയിന്ററായി ജോലി ചെയ്തു വരികയായിരുന്നു മരിച്ച ജാഫര്‍. പെരിന്തല്‍മണ്ണ ഐഎസ്എസ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ അധ്യാപികയായ സീനത്താണ് ഭാര്യ. ഏക മകന്‍ മിന്‍ഹാജ്.

സഹോദരങ്ങള്‍ അഷ്റഫ് (പിഎസ്സി ഓഫീസ്, മലപ്പുറം), മുംതാസ് താഴേക്കോട്, നര്‍ഗീസ് പെരിന്തല്‍മണ്ണ.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍