ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റ്: എബിസി കാര്‍ഗോ റെയിന്‍ബോയും ലിയാ സ്പോര്‍ട്ടിംഗും സെമിയില്‍
Wednesday, May 20, 2015 7:13 AM IST
റിയാദ്: റോയല്‍ ട്രാവല്‍സ് കപ്പിനുവേണ്ടിയുള്ള രണ്ടാമത് ഒഐസിസി കെ. കരുണാകരന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൌണ്ടിലെ അവസാന മത്സരങ്ങളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ എബിസി കാര്‍ഗോ റെയിന്‍ബോ ടീമും ലിയ സ്പോര്‍ട്സ് യുണൈറ്റഡ് എഫ്സിയും സെമിയില്‍ പ്രവേശിച്ചു.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഈസി വെയര്‍ അസീസിയ സോക്കറും ജറീര്‍ മെഡിക്കല്‍ യൂത്ത് ഇന്ത്യയും രണ്ടു ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. യൂത്ത് ഇന്ത്യ ആദ്യ രണ്ട് മത്സരത്തില്‍നിന്നു തന്നെ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു.

അസീസിയയുടെ ആസിഫ് ആദ്യ കളിയില്‍ ജിമാര്‍ട്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സുരേഷ് ശങ്കറില്‍നിന്ന് ഏറ്റുവാങ്ങി.

രണ്ടാമത്തെ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു ടൂര്‍ണമെന്റിലെ ശക്തരായ ടീമുകളിലൊന്നായ ലാന്റേണ്‍ എഫ്സിയെ എബിസി കാര്‍ഗോ റെയിന്‍ബോ ടീം പരാജയപ്പെടുത്തി. അവസനാ നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ കളിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച റെയിന്‍ബോ ടീമിന്റെ നിഷാദ് കൊളക്കാടന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി.

മൂന്നാമത്തെ മത്സരത്തില്‍ അറ്റ്ലസ് ജ്യൂവലറി റോയല്‍ റിയാദ് സോക്കറിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയ ലിയാ സ്പോര്‍ട്സ് യുണൈറ്റഡ് എഫ്സി ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലില്‍ പ്രവേശിച്ചു. യുണൈറ്റഡിന്റെ സഹദ് ആണ് മാന്‍ ഓഫ് ദി മാച്ച്.

ഫ്ളീരിയ ഗ്രൂപ്പ് സിഇഒ ഫസല്‍ റഹ്മാന്‍, ഇബ്രാഹിം സുബ്ഹാന്‍, മിര്‍ഷാദ് ബക്കര്‍, ഷാജി പനൂര്‍, ഷാഫി തിരൂരങ്ങാടി, ശശികുമാര്‍ പിള്ള, പീറ്റര്‍ കോതമംഗലം, അഫ്സര്‍, രഘുനാഥ് പറശിനിക്കടവ്, യഹ്യ കൊടുങ്ങല്ലൂര്‍, നവാസ് വെള്ളിമാടുകുന്ന്, റശീദലി, ജബാര്‍ എറണാകുളം, സജി ചേര്‍ത്തല തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

അടുത്ത വെള്ളിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ ചാലിയാര്‍ റിയല്‍ കേരള ടീം ജറീര്‍ മെഡിക്കല്‍ യൂത്ത് ഇന്ത്യയേയും എബിസി കാര്‍ഗോ റെയിന്‍ബോ ടീം ലിയ സ്പോര്‍ട്ടിംഗ് യുണൈറ്റഡ് എഫ്സി ടീമിനേയും നേരിടും. ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറിനടുത്തുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി ഗ്രൌണ്ടില്‍ നടക്കുന്ന കളികള്‍ 5.30 നു ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍