റിയാദില്‍ മലയാളിയുടെ സോഫ നിര്‍മാണ യൂണിറ്റ് കത്തി നശിച്ചു
Tuesday, May 19, 2015 8:23 AM IST
റിയാദ്: മലയാളിയുടെ ഉടമസ്ഥതയിലുള്ള സോഫ നിര്‍മാണ യൂണിറ്റു തീപിടിത്തത്തില്‍ കത്തി നശിച്ചു.

റിയാദ് ഷിഫ സനയ്യയിലുള്ള മജ്ലിസ് സോഫ നിര്‍മാണ യൂണിറ്റാണു ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീ പിടിത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചത്. ആളപായമില്ല. സിവില്‍ ഡിഫന്‍സും ഫയര്‍ ഫോഴ്സുമെത്തിയാണു തീയണച്ചത്. പാലക്കാട് പുതുക്കോട് സ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം. ഓര്‍ഡറനുസരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി സൂക്ഷിച്ചിരുന്ന സോഫകളും സോഫ നിര്‍മാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും തീപിടിത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമായതെന്നു കരുതുന്നു.

എട്ടോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഏകദേശം ഒരു ലക്ഷത്തിലേറെ റിയാലിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കേളി അത്തിക്ക ഏരിയയിലെ ഹരാജ് യൂണിറ്റ് അംഗമാണു ഷാജഹാന്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍