ജിദ്ദയില്‍ ടി.പി അനുസ്മരണ സമ്മേളനം നടത്തി
Tuesday, May 19, 2015 8:04 AM IST
ജിദ്ദ: കൊലക്കത്തിക്കും ചോരപ്പണത്തിനും നിശബ്ദമാക്കാന്‍ കഴിയാത്ത ധീരതയുടെ പ്രതീകവും ഒത്തുതീര്‍പ്പില്ലാത്ത വിസമ്മതംകൊണ്ടു സിപിഎമ്മിന്റെ തലവര മാറ്റിയെഴുതിയ സ്മാരകവുമാണു ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വമെന്ന് ജിദ്ദ ഷറഫിയ ഇമ്പാല റസ്ററന്റില്‍ നവധാര സംഘടിപ്പിച്ച ടി.പി. അനുസ്മരണ സമ്മേളനം വിലയിരുത്തി.

നവോത്ഥാന ചരിത്രം പേറി ജനമനസില്‍ കുടിയേറിയ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനം ജനവിരുദ്ധ പ്രത്യയശാസ്ത്രമാവാതിരിക്കാന്‍ ചെങ്കൊടികൊണ്ട് തീര്‍ത്ത പ്രതിരോധത്തെ ഇരുളിന്റെ മറവില്‍ സമാനതകളില്ലാത്ത അരുംകൊലയിലൂടെ സിപിഎം അതിന്റെ ഭീരുത്വം അടയാളപ്പെടുത്തിയതായി 'നവോത്ഥാനവും ഫാസിസവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു. നമ്മുടെ നിസംഗതയില്‍നിന്നാണു ഫാസിസം പിറവി കൊള്ളുന്നതെന്ന് തിരിച്ചറിയേണ്ടതുണ്െടന്നും ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.

ഷാനവാസ് മാസ്റര്‍ (തലാല്‍ സ്കൂള്‍), ചന്ദ്രിക ബ്യൂറോ ചീഫ് സി.കെ. ഷാക്കിര്‍, അഡ്വ. മുനീര്‍, ഗഫൂര്‍ ചുങ്കത്തറ എന്നിവര്‍ പ്രസംഗിച്ചു.

അനുസ്മരണ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി സഹീര്‍ വലപ്പാട് സ്വാഗതവും റസാഖ് മമ്പാട് നന്ദിയും പറഞ്ഞു. ഷാജു ചാരുമ്മൂട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍