സുലൈമാന്‍ സേട്ടിന്റെ അഭാവം കാലഘട്ടം തിരിച്ചറിയുന്നു: ഐഎംസിസി
Tuesday, May 19, 2015 8:01 AM IST
ജിദ്ദ: ഐഎന്‍എല്‍ സ്ഥാപക നേതാവ് മെഹ്ബൂബ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സാഹിബിന്റെ പത്താമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചു ഐഎംസിസി ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും 'ന്യൂനപക്ഷവേട്ട: രക്ഷാകവജം തീര്‍ക്കേണ്ടതാര്' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ ന്യൂനപക്ഷ ജനവിഭാഗം നിരന്തരം വേട്ടയാട പ്പെടുകയാണെന്നും മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ന്യൂനപക്ഷ വേട്ടയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഫാസിസ്റുകളുടെ വര്‍ഗീയ ഉന്മൂലന അജന്‍ഡ നടപ്പാക്കാന്‍ നിസംഗതയിലൂടെയും കുറ്റകരമായ മൌനത്തിലൂടെയും ഭരണകൂടങ്ങള്‍ സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണെന്നും ഐഎംസിസി അഭിപ്രായപ്പെട്ടു.

ഹംസ പള്ളിക്കര വിഷയവതരണം നടത്തി. ഇസ്ലാഹി സെന്റര്‍ ശറഫിയ വൈസ് പ്രസിഡന്റ് സലാഹ് കാരാടന്‍, ജംഇയത്തുല്‍ അന്‍സാര്‍ പ്രസിഡന്റ് അഷ്റഫ് മൌലവി, പ്രവാസി സംസ്കാരിക വേദി വൈസ് പ്രസിഡന്റ് ഉസ്മാന്‍ പാണ്ടിക്കാട്, ഒഐസിസി വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായംകുളം, മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ ചെറുപ്പ, ഐഎസ്എഫ് സെക്രട്ടറി അസീസ് മാഹി, ഐഡിസി പ്രതിനിധി ഷാനവാസ് വണ്ടൂര്‍, സാദിക്ക് അലി തുവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മോഡറേറ്റര്‍ എ.എം. അബ്ദുള്ള കുട്ടി ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞു. പി.എം. അഹമദ് യാസിന്‍ ഖിറാഅത് നടത്തി. എ.പി.എ. ഗഫൂര്‍ സ്വാഗതവും മന്‍സൂര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍