അന്താരാഷ്ട്ര ആരോഗ്യമേള റിയാദില്‍ തുടങ്ങി
Tuesday, May 19, 2015 5:14 AM IST
റിയാദ്: മൂന്നാമത് സൌദി ആരോഗ്യ രാജ്യാന്തര പ്രദര്‍ശന മേളക്കും സമ്മേളനങ്ങള്‍ക്കും തുടക്കമായി. തിങ്കളാഴ്ച രാവിലെ 10നു സൌദി സിവില്‍ അഫയേഴ്സ് മന്ത്രി ഖാലിദ് അല്‍അരാജ് ഉദ്ഘാടനം ചെയ്തു. ഉന്നത സര്‍ക്കാറുദ്യോഗസ്ഥര്‍, ബഹുരാഷ്ട്ര കമ്പനികളുടെയും രാജ്യങ്ങളുടെയും പ്രതിനിധികള്‍, വ്യവസായികരംഗത്തുനിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിയാദ് ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേള ബുധനാഴ്ച അവസാനിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണു പ്രദര്‍ശന സമയം. പ്രദര്‍ശന നഗരിയിലെ 8000 ചതുരശ്ര മീറ്ററിലാണു സ്റാളുകള്‍ ഒരുങ്ങിയിട്ടുള്ളത്. 38ഓളം രാജ്യങ്ങളില്‍നിന്ന് ആരോഗ്യരംഗത്തെ ലോകോത്തര ഉത്പന്നങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ 550ഓളം പ്രദര്‍ശകരും 11 രാജ്യങ്ങളുടെ നേരിട്ടുള്ള പവലിയനുകളും അണിനിരന്നിട്ടുണ്ട്.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് 13000 പ്രതിനിധികളാണു മേളയില്‍ പങ്കെടുക്കുന്നത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരവധി കോണ്‍ഫറന്‍സുകളും സെമിനാറുകളും ഇവിടെ നടക്കും. ആരോഗ്യപരിപാലന രംഗത്തെ വിദഗ്ധര്‍, മെഡിക്കല്‍ സര്‍വീസ് ദാതാക്കള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രതിനിധികള്‍, മെഡിക്കല്‍ ടെക്നീഷ്യന്മാര്‍, ഫാര്‍മസിസ്റ്റുകള്‍, മരുന്നു നിര്‍മാതാക്കള്‍ എന്നിവരുടെ കൂടിക്കാഴ്ചകളും ബിസിനസ് മീറ്റുകളും നടക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍