റിയാദില്‍ വാഹനാപകടത്തില്‍പ്പെട്ടു പഞ്ചാബി ഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
Monday, May 18, 2015 8:14 AM IST
റിയാദ്: ദുബായിയില്‍നിന്നു ജിദ്ദയിലേക്കു ചരക്കുമായി വന്ന പഞ്ചാബി സ്വദേശിയായ ഡ്രൈവര്‍ തിരിച്ചുപോകവെ റിയാദില്‍ വാഹനാപകടത്തില്‍പ്പെട്ടു ഗുരുതരമായ പരിക്കുകളോടെ അവലംബമില്ലാതെ കഴിയുന്നു.

ജിദ്ദ- റിയാദ് ഹൈവേയില്‍ റിയാദിനു സമീപമാണു പഞ്ചാബിലെ ജലന്ധറിനടുത്ത ഹോഷിയാര്‍പുര്‍ ജില്ലയില്‍നിന്നുള്ള കരംജിത് സിംഗ് (42) അപകടത്തില്‍പ്പെട്ടത്.

വഴി ചോദിച്ചുറപ്പു വരുത്തുന്നതിനായി ട്രെയ്ലര്‍ വഴിയരികില്‍ നിര്‍ത്തി പുറകില്‍ വന്ന അതേ കമ്പനിയിലെ ഡ്രൈവറോടു പുറത്തിറങ്ങി സംസാരിക്കുകയായിരുന്നു. ഈ സമയം അമിത വേഗത്തില്‍ വന്ന കാര്‍ ഇരുവരേയും ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ കടന്നുപോയി. ഗുരുതരമായി പരിക്കേറ്റ കരംജിതിനെ നിസാര പരിക്കേറ്റ പാക്കിസ്ഥാനി ഡ്രൈവര്‍ പോലീസിന്റെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അടിയന്തര വൈദ്യസഹായം നല്‍കി പിന്നീട് അദ്ദേഹത്തെ മന്‍ഫൂഹയിലെ അല്‍ ഈമാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയും കാലും ഒടിഞ്ഞ് ദേഹമാസകലം പരിക്കേറ്റ കരംജിതിന്റെ നില അതീവ ഗുരുതരമാണെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ചെലവായി 8000 റിയാല്‍ കരംജിതിന്റെ കമ്പനിയാണ് വഹിച്ചത്. അല്‍ ഈമാന്‍ ആശുപത്രിയില്‍ പണമടക്കാത്തതിനാല്‍ വിദഗ്ദ ചികിത്സ ലഭ്യമാകുന്നില്ല. അതിനാല്‍ എത്രയും പെട്ടെന്ന് അദ്ദേഹത്തെ നാട്ടിലയക്കണം. സൌദി അറേബ്യയിലേക്കുള്ള വീസയുടെ കാലാവധിയും ഇതിനിടെ തീര്‍ന്നിട്ടുണ്ട്.

കരംജിതിന്റെ കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ ദുബായിയില്‍നിന്നു റിയാദിലുള്ള പയ്യന്നൂര്‍ സൌഹൃദവേദി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് സഹായഭ്യര്‍ഥന നടത്തിയതിനെത്തുടര്‍ന്നു സാമൂഹ്യപ്രവര്‍ത്തകരായ ഇസ്മായില്‍ കാരോളവും ടി.ബി.എ. അഷ്റഫും ആശുപത്രിയിലെത്തിയത്. എത്രയും വേഗം ഇദ്ദേഹത്തെ നാട്ടിലയക്കാനുള്ള രേഖകള്‍ ഇവര്‍ ശരിയാക്കുന്നുണ്ട്. സ്ട്രെച്ചറില്‍ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനായി 14,000 റിയാലിലധികം ടിക്കറ്റ് ചാര്‍ജ് എയര്‍ ഇന്ത്യയില്‍ വരുന്നുണ്ട്. അതോടൊപ്പം ഒരാള്‍ കൂടെ യാത്ര ചെയ്യാതെ എയര്‍ ഇന്ത്യ യാത്രാനുമതി നല്‍കില്ല. ഇതിനെല്ലാമുള്ള ശ്രമങ്ങളിലാണു സാമൂഹ്യപ്രവര്‍ത്തകര്‍. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മൊയ്തീന്‍ കോയയും സഹായത്തിന് ഇവരോടൊപ്പമുണ്ട്.

കരംജിതിന്റെ ചികിത്സാ ചെലവു വഹിക്കാന്‍ ദുബായിയിലുള്ള കമ്പനി തയാറാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വീസ കാലാവധി കഴിഞ്ഞതും ബന്ധുക്കളോ നാട്ടുകാരോ ഇവിടെ കൂടെയില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കരംജിതിന്റെ കൂടെ ഡല്‍ഹിയിലേക്കോ പഞ്ചാബിലേക്കോ യാത്ര ചെയ്യാന്‍ തയാറുള്ളവര്‍ 0543184174, 0508550102 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നു സഹായത്തിനുകൂടെയുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍