അക്ഷരം 2015, മേയ് 22ന്; എം.എ.ബേബി, സേതു എന്നിവര്‍ മുഖ്യാതിഥികള്‍
Monday, May 18, 2015 5:35 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്, 37 മതു പ്രവര്‍ത്തന വര്‍ഷത്തെ സാംസ്കാരിക മേളയായ 'അക്ഷരം 2015'ന്റേയും, 25 വര്‍ഷം പൂര്‍ത്തിയാകുന്ന സൌജന്യ മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല കുവൈറ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മേളയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി മുഖ്യാതിഥിയായി പങ്കെടുക്കും. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായ മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ സേതു നിര്‍വഹിക്കും. ഇന്ത്യന്‍ എംബസിയുടെ പ്രതിനിധികളും തദവസരത്തില്‍ സംബന്ധിക്കും.

മേയ് 22ന് (വെള്ളിയാഴ്ച) ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍, ഖൈതാനില്‍ രാവിലെ 10ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കല കുവൈറ്റ് മേയ് ഒന്നിനു കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബാലകലമേളയിലെ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ട്രോഫിയും മുഖ്യാതിഥികള്‍ സമ്മാനിക്കും.

മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങളുടെ ചരിത്രം വിവരിക്കുന്ന ഡോകുമെന്ററിയുടെ റിലീസിംഗ്, അക്ഷരം 2015-ന്റെ സുവനീര്‍ പ്രകാശനം, കല കുവൈറ്റിന്റെ പ്രവര്‍ത്തകന്‍ പീതന്‍.കെ.വയനാട് രചിച്ച കവിതാ സമാഹാരത്തിന്റെ പ്രകാശനം, യാത്രയയപ്പു തുടങ്ങിയവ സാംസ്കാരികസമ്മേളത്തിന്റെ ഭാഗമായി നടക്കും.

സാംസ്കാരിക സമ്മേളനത്തെത്തുടര്‍ന്ന് കലകുടുംബത്തിലെയും കുവൈറ്റിലെ കലാകാരന്മാരും ബാലകലമേളയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളുടെ അവതരണവും നടക്കും. സാംസ്കാരികമേളയിലെ ഏറ്റവും ആകര്‍ഷകമായ പരിപാടികളില്‍ ഒന്ന് ഗസല്‍ ഗാന രംഗത്തെ വേറിട്ട മുഖമായ ഷഹബാസ് അമന്‍ ഒരുക്കുന്ന ഗസല്‍ ഗാനസന്ധ്യയാണ്. തബലയില്‍ വിസ്മയം തീര്‍ക്കുന്ന റോഷന്‍ ഷഹബാസിനു കൂട്ടുചേരും.

സാംസ്കാരിക സമ്മേളനത്തിലും തുടര്‍ന്ന് ഒരു മുഴുവന്‍ ദിവസം നീണ്ടു നില്ക്കുന്ന മേളയിലും കുവൈറ്റിലെ സാമൂഹ്യ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരും സംബന്ധിക്കും.

പത്രസമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത്, ജനറല്‍സെക്രട്ടറി, സജി തോമസ്മാത്യു, ജനറല്‍കണ്‍വീനര്‍ ജെ.സജി, മീഡിയസെക്രട്ടറി ആര്‍. നാഗനാഥന്‍, മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട്, ജോയിന്റ് സെക്രട്ടറി ഷാജു.വി.ഹനീഫ്, വൈസ് പ്രസിഡന്റ് സജീവ് എം. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍