എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ 'ബൈബിള്‍ ഹാര്‍വെസ്റ്' നടത്തി
Monday, May 18, 2015 5:34 AM IST
എഡ്മണ്ടന്‍, കാനഡ: എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ ആദ്യമായി സണ്‍ഡേ സ്കൂള്‍കുട്ടികള്‍ക്കായി ബൈബിള്‍ ക്വിസ് മത്സരം 'ബൈബിള്‍ ഹാര്‍വെസ്റ്' നടത്തി. രണ്ടു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ ഗ്രേഡ് അഞ്ചു മുതല്‍ ഏഴു വരെയുള്ള കുട്ടികളും, സീനിയര്‍ വിഭാഗത്തില്‍ ഗ്രേഡ് എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള കുട്ടികളുമാണു മത്സരിച്ചത്.

കുട്ടികള്‍ക്ക് ബൈബിള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാനുള്ള അവസരത്തോടൊപ്പം സീറോ മലബാര്‍ പാരമ്പര്യം കൂടുതല്‍ മനസിലാക്കാനും, പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനുമുള്ള ഒരു അവസരമായാണ് മാതാപിതാക്കളും സണ്‍ഡേ സ്കൂള്‍ അധ്യാപകരും ഈ മത്സരത്തെ വിലയിരുത്തിയത്. മൂന്നു റൌണ്ടുകളായി നടത്തിയ മത്സരത്തിന്റെ ആദ്യ റൌണ്ടില്‍ ഉദ്ദേശം നൂറിലേറെ കുട്ടികള്‍ പങ്കെടുത്തു. മത്തായിയുടെ സുവിശേഷം 1-15 വരെ അധ്യായം ആസ്പദമാക്കിയാണ് ആദ്യ റൌണ്ട് മത്സരം നടത്തിയത്. ആദ്യ റൌണ്ടില്‍ 70 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ രണ്ടാം റൌണ്ടില്‍ എത്തി. ഒന്നാം റൌണ്ടിലെ വിഷയത്തോടൊപ്പം തെരഞ്ഞെടുത്തു നല്‍കിയ സീറോ മലബാര്‍ വെബ്സൈറ്റില്‍ നിന്നുമായിരുന്നു ചോദ്യങ്ങള്‍. ഇരു വിഭാഗങ്ങളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 6 വിദ്യാര്‍ഥികള്‍ വീതം ഫൈനല്‍ റൌണ്ടില്‍ എത്തി. 2015 ജനുവരിയില്‍ ആരംഭിച്ച ക്വിസ് മത്സരത്തിന്റെ ആവേശകരമായ ഫൈനല്‍ ഏപ്രില്‍ 19-നായിരുന്നു.

പ്രത്യേകം ക്രമീകരിച്ച സ്റേജില്‍ ശബ്ദ-ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ ആയിരുന്നു ഫൈനല്‍ നടത്തിയത്. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പൊതുവിജ്ഞാനവും ഫൈനല്‍ റൌണ്ടില്‍ പാഠ്യവിഷയമായി നല്‍കിയിരുന്നു. ഫൈനല്‍ മത്സരത്തില്‍ ആദ്യം ജൂണിയേഴ്സിന്റേയും പിന്നീട് സീനിയേഴ്സിന്റേയും മത്സരം നടത്തി.

വ്യത്യസ്തമായ നാലു റൌണ്ടുകളില്‍ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി ആദ്യ റൌണ്ടും, രണ്ടാമത് ഡ്യൂ റൌണ്ടും, മൂന്നാമത് റാപ്പിഡ് ഫയര്‍ റൌണ്ടും, നാലാമത് പൊതുവിജ്ഞാനവും ആസ്പദമാക്കിയാണു ഫൈനലിലെ ചോദ്യങ്ങള്‍ ക്രമീകരിച്ചത്.

ജൂണിയര്‍ വിഭാഗത്തില്‍നിന്നു ഫൈനലില്‍ മത്സരിച്ചത് ഏഞ്ചലാ അലക്സ് ചിരിയങ്കണ്ടത്ത്, ആന്റന്‍ ഐസി, ആദിത്യന്‍ റോയി, അലന്‍ റ്റിറ്റ്സണ്‍, റായന്‍ ബാബു, ആല്‍ബിന്‍ തോമസ് എന്നിവരാണ്. മത്സരത്തില്‍ ആന്റന്‍ ഐസി ഒന്നാം സ്ഥാനവും, അലന്‍ റ്റിറ്റ്സണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ഫൈനലില്‍ മത്സരിച്ചത് എഡ്വിന്‍ ബാബു, ഷാരോണ്‍ റോസ് ജോസഫ്, ഡോണാ മരിയ റോയി, ആഷികാ ആന്‍ സിബി, ഗിഫ്റ്റി സേവി, മരിയവിയാന്‍. വര്‍ക്കി കളപ്പുരയ്ക്കല്‍ എന്നിവരാണ്. അവസാന രണ്ട് റൌണ്ടുകളില്‍ ഇഞ്ചോടിഞ്ച് പോരാടിയ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മരിയവിയാന്‍ വര്‍ക്കി കളപ്പുരയിലും, രണ്ടാം സ്ഥാനം ഡോണ മരിയ റോയിയും കരസ്ഥമാക്കി. എഡ്മണ്ടന്‍ അതിരൂപതാ ചാന്‍സലര്‍ ഫാ. ആദം ലച്ച് ആണു സമ്മാനദാനം നടത്തിയത്.

ആദ്യ റൌണ്ടിലും രണ്ടാം റൌണ്ടിലും ഒന്നും രണ്ടും സ്ഥാനത്ത് എത്തിയവര്‍ക്കും, ഫൈനല്‍ റൌണ്ടില്‍ എത്തിയ എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. ഇടവക വികാരി റവ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കിയ ക്വിസ് കമ്മിറ്റിയില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകരായ ബൈജു, സെബാസ്റ്യന്‍, മിന്‍സി റ്റോമി, മിനു വര്‍ക്കി, റ്റീനാ റ്റോജോ എന്നിവര്‍ അംഗങ്ങളായിരുന്നു.

റിപ്പോര്‍ട്ട് : ജോയിച്ചന്‍ പുതുക്കുളം