പതിനായിരത്തിലധികം ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി
Sunday, May 17, 2015 6:37 AM IST
കുവൈറ്റ്: നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ കഴിഞ്ഞ മാസങ്ങളില്‍ പതിനായിരത്തിലധികം ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ജോലി മാറുന്നതിനനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സിലും മാറ്റം വരുത്താത്തതു കാരണമാണ് ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് വിഭാഗം അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുള്ള അല്‍മുഹന്ന പറഞ്ഞു.

ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന്റെ പേരില്‍ 50ഓളം പേരെ കഴിഞ്ഞ ദിവസങ്ങളില്‍ നാടുകടത്തിയിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഈയിടെയാണ് പ്രാബല്യത്തില്‍വന്നത്. രാജ്യത്ത് വാഹനാപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായാണു ട്രാഫിക് വകുപ്പ് നിയമം കൊണ്ടുവന്നത്. അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സും വാഹനവും പിടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മണിക്കൂറില്‍ 230 കി.മീറ്ററിനും മുകളില്‍ വാഹനമോടിക്കുന്നതു നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ 1200 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഗവര്‍ണറേറ്റുകളില്‍ ട്രാഫിക് പരിശോധന ശക്തമായി തുടരുകയാണെന്നും ട്രാഫിക് നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് വിഭാഗം അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുള്ള അല്‍മുഹന്ന പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍