'ബാച്ച് ചാവക്കാട്' പുനഃസംഘടിപ്പിച്ചു
Sunday, May 17, 2015 6:34 AM IST
അബുദാബി: തൃശൂര്‍ ജില്ലയിലെ ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ 'ബാച്ച് ചാവക്കാട്' പുനഃസംഘടിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഷബീര്‍ മാളിയേക്കല്‍ (പ്രസിഡന്റ്), കെ. എച്ച്. താഹിര്‍, പി. കെ. ദയാനന്ദന്‍ (വൈസ് പ്രസിഡന്റുമാര്‍), എ.എം. അബ്ദുള്‍ നാസര്‍ (ജനറല്‍ സെക്രട്ടറി), ജലീല്‍ കാര്യാടത്ത്, ടി.വി. ഷാഹുല്‍ ഹമീദ് (ജോയിന്റ് സെക്രട്ടറിമാര്‍), എ.കെ. ബാബുരാജ് (ട്രഷറര്‍), രാജേഷ് (ജോയിന്റ് ട്രഷറര്‍), കെ.എം അഷ്റഫ് (ഓഡിറ്റര്‍), നൌഷാദ് ചാവക്കാട് (കലാ വിഭാഗം), ടി.എം. മൊയ്തീന്‍ ഷാ (ജീവകാരുണ്യ വിഭാഗം), ബാച്ച് ഉപദേശക സമിതി ചെയര്‍മാനായി എ.കെ. അബ്ദുള്‍ ഖാദര്‍ പാലയൂര്‍ എന്നിവരടങ്ങുന്ന 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ഏഴാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബഷീര്‍ കുറുപ്പത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഗതികളും അനാഥരുമായ അമ്മമാര്‍ക്ക് കഴിഞ്ഞ വര്‍ഷം ഓണപ്പുടവ വിതരണം, ചികിത്സാ സഹായം ആവശ്യമുള്ള നിര്‍ധനര്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കിയും ചാവക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡയാലിസ് സെന്ററിനു ഫണ്ട് നല്‍കിയും കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം ബാച്ച് സജീവമായിരുന്നു.

എസ്.എ. അബ്ദുള്‍ റഹ്മാന്‍, സി. സാദിക്ക്അലി, സുനില്‍ നമ്പീരകത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കക്ഷി രാഷ്ട്രീയവും ജാതി മത ചിന്തകള്‍ക്കും അതീതമായി, പ്രവാസ ലോകത്തെ ചാവക്കാട്ടുകാരുടെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച ബാച്ച് ചാവക്കാട് കൂട്ടായ്മയുടെ ജീവകാരുണ്യവിഭാഗം ഈ വര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും വിപുലമായ രീതിയില്‍ മെംബര്‍ഷിപ്പ് കാമ്പയിന്‍ നടത്തുമെന്നും അറിയിച്ചു. അബുദാബിയിലെ സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ തലപ്പത്ത് ചാവക്കാട്ടുകാരുടെ സജീവമായ സാന്നിധ്യമുള്ളതു പ്രശംസനീയമാണെന്നും ഗുരുവായൂര്‍ നിയോജക മണ്ഡല പരിധിയിലുള്ള എല്ലാ പ്രവാസികളും ഈ കൂട്ടായ്മയുടെ അംഗങ്ങളാകാന്‍ അര്‍ഹതയുള്ളവരാണെന്നും യോഗം വിലയിരുത്തി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള