ഗാല്‍വെസ്റണ്‍ പ്രാര്‍ഥനാ ഗ്രൂപ്പ് മദേഴ്സ് ഡേയും നഴ്സസ് വാരവും ആഘോഷിച്ചു
Saturday, May 16, 2015 7:21 AM IST
ഹൂസ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ ഇടവകയിലെ ഗാല്‍വെസ്റണ്‍ അദര്‍ ഏരിയ (ഗോവ) പ്രാര്‍ഥനാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മദേഴ്സ് ഡേയും നഴ്സസ് വാരവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

മേയ് 10 ന് (ഞായര്‍) വൈകുന്നേരം ആറിന് റിവര്‍ ഓക്സിലുളള റിനൈസന്‍സ് ക്ളബ്ബ് ഹൌസില്‍ നടന്ന ആഘോഷങ്ങള്‍ പരിപാടികളുടെ വ്യത്യസ്തകൊണ്ട് ശ്രദ്ധേയമായി മാറി.

ഇടവകയില്‍ പുതുതായി ചുമതലയേറ്റ അസി. വികാരി റവ. മാത്യൂസ് ഫിലിപ്പിന്റെ പ്രാര്‍ഥനയോടുകൂടി ആരംഭിച്ച പ്രത്യേക സമ്മേളനത്തില്‍ വികാരി റവ. കൊച്ചു കോശി ഏബ്രഹാം അധ്യക്ഷത വഹിച്ചു. അമ്മമാരുടെ കണ്ണീരിന്റെ ഫലമായി അനുഗ്രഹങ്ങള്‍ അനുഭവിക്കുമ്പോള്‍ അവരുടെ ത്യാഗ പൂര്‍ണമായ ജീവിതങ്ങളെ സ്മരിക്കുന്നതിനും പിന്തുടരുന്നതിനും പുതിയ തലമുറയ്ക്കു കഴിയണം. വേദ പുസ്തകത്തെ ആധാരമാക്കി നിരവധി ചിന്തകളും പങ്കിട്ടു നല്‍കി.

തുടര്‍ന്നു ജോജി ജേക്കബ് പ്രാര്‍ഥനാ ഗ്രൂപ്പ് അംഗവും ശാസ്ത്ര ഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണിലെ പ്രഫസര്‍ ദമ്പതികളായ ഡോ. ഉമ്മന്‍ കെ. വര്‍ഗീസി (ജയന്‍) നെയും മാഗി പൌലോസിനെയും അനുമോദിച്ച് ആശംസകള്‍ അര്‍പ്പിച്ചു. റോയിട്ടറിന്റെ 2014 ലെ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ശാസ്ത്ര പ്രതിഭകളുടെ പട്ടികയില്‍ ഇടം നേടിയ ഈ ദമ്പതികളുടെ മികവുറ്റ പ്രബന്ധങ്ങളും ഈടുറ്റ ശാസ്ത്ര ലേഖനങ്ങളും നിരവധി ഗവേഷകരും ഗവേഷക വിദ്യാര്‍ഥികളും തങ്ങളുടെ പഠനത്തിനായി റഫര്‍ ചെയ്തു വരുന്നു. 'മെറ്റീരിയല്‍ സയന്‍സ്' ശാസ്ത്ര വിഭാഗത്തിലാണ് ഈ ദമ്പതികള്‍ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നത്.

അറ്റോര്‍ണി ബ്രയാന്‍ മാത്യു മാതൃദിനത്തിനുളള പ്രത്യേക സന്ദേശം നല്‍കി. അമ്മയുടെ വാത്സല്യവും സ്നേഹവും പ്രാര്‍ഥനാ ജീവിതവും മറ്റും അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഹൂസ്റണിലെ മുന്‍ യൂത്ത് ചാപ്ളയിന്‍ റവ. റോയി തോമസിന്റെ ഭാര്യ ഡോ. ജിബി നഴ്സസ് വാര ചിന്തകള്‍ പകര്‍ന്നു നല്‍കി.

ആതുര സേവന രംഗം കര്‍മരംഗമാക്കിയ നഴ്സുമാരുടെ ത്യാഗപൂര്‍വമായ ജീവിതങ്ങള്‍ എന്നും അനുസ്മരിക്കപ്പെടേണ്ടതാണെന്നും അവരുടെ കരുതലും സ്നേഹവും അനുകരണീയമാണെന്നും ഡോ. ജിബി ഉദ്ബോധിപ്പിച്ചു. തുടര്‍ന്നു എല്ലാ അമ്മമാര്‍ക്കും പുഷ്പങ്ങള്‍ നല്‍കി, കേക്ക് മുറിച്ചു.

ഇടവക കൈസ്ഥാന സമിതി അംഗം ജോണ്‍ ചാക്കോ (ജോസ്), പ്രാര്‍ഥനാ ഗ്രൂപ്പ് അംഗമായിരുന്ന പെയര്‍ലാന്റിലേക്ക് താമസം മാറിയ ജോസഫ്. ടി. ജോര്‍ജിനും (രാജു) കുടുംബവും ഗോവ പ്രാര്‍ഥനാഗ്രൂപ്പിനു നല്‍കിയ എല്ലാ സഹായ സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ചു. മാഗി പൌലോസ് ഒരുക്കിയ സ്നേഹ വിരുന്നും നടന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി