സീറോ മലബാര്‍ കത്തീഡ്രല്‍ സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ നടന്നു
Saturday, May 16, 2015 5:05 AM IST
ഷിക്കാഗോ: 2014- 15 അധ്യയന വര്‍ഷാവസാനം സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന, മലയാളം സ്കൂളുകളുടെ സംയുക്ത വാര്‍ഷികാഘോഷങ്ങള്‍ മേയ് പത്താം തീയതി വളരെ ഭംഗിയായി നടത്തുകയുണ്ടായി. മതബോധന സ്കൂളിലെ കുഞ്ഞുങ്ങളുടെ അതിമനോഹരമായ പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം ലിന്‍സി കടവില്‍ സ്വാഗതം ആശംസിച്ചു.

വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ തന്റെ ഉദ്ഘാടന സന്ദേശത്തില്‍ കുട്ടികളുടെ ആത്മീയ വളര്‍ച്ച, പാരമ്പര്യമൂല്യങ്ങളുടെ പിന്തുടര്‍ച്ച, മലയാള ഭാഷയോടുള്ള ആഭിമുഖ്യം എന്നീ മേഖലകളില്‍ രണ്ടു സ്കൂളുകളും നടത്തിവരുന്ന നിരവധിയായ പരിശ്രമങ്ങളെ ശ്ശാഘിക്കുകയുണ്ടായി. മതബോധന സ്കൂള്‍ ഡയറക്ടര്‍ സി. ജസ്ലിന്‍ സിംഎംസി, മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ റോയ് വരകില്‍പറമ്പില്‍ എന്നിവരുടെ നേതൃത്വത്തെ അച്ചന്‍ പ്രത്യേകം അഭിനന്ദിച്ചു.

മതബോധന സ്കൂള്‍ രജിസ്ട്രാര്‍ സോണി തേവലക്കരയും, മലയാളം സ്കൂള്‍ രജിസ്ട്രാര്‍ അയിഷ ലോറന്‍സും കഴിഞ്ഞ അധ്യയനവര്‍ഷ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. തുടര്‍ന്ന് പഠനമികവിനു ഇരു സ്കൂളുകളും നടത്തിയ മലയാളവാരം, ബൈബിള്‍ ജെപ്പടി, വിശ്വാസകലാസൃഷ്ടി എന്നിങ്ങനെ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മലയാളം സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. മതബോധന സ്കൂളിന്റെ ഗ്രാജ്വേഷന്‍ നേരത്തെ ഏപ്രില്‍ 26-നു ഞായറാഴ്ച അതിമനോഹരമായി നടത്തിയിരുന്നു. അന്നേദിവസം പ്രത്യേക പ്രാര്‍ത്ഥനകളോടെ നടന്ന ദിവ്യബലിക്കുശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ 12 വര്‍ഷം മതബോധന സ്കൂളിലെ പഠനം പൂര്‍ത്തിയാക്കി വിവിധ കോളജുകളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

മതബോധന സ്കൂളില്‍ ഓരോ അധ്യയന വര്‍ഷത്തിലും ഏറ്റവും മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന ഫാ. മാത്യു കുര്യാളശേരി അവാര്‍ഡിനു ബ്രയന്‍ കുഞ്ചെറിയ അര്‍ഹനായി. സോവിന്റേയും ജോളിയുടേയും മകനാണ് ബ്രയന്‍. മലയാളം സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള മാര്‍ വര്‍ക്കി വിതയത്തില്‍ അവാര്‍ഡ് കളപ്പുരയ്ക്കല്‍ ഡൊമിനിക്കിന്റേയും, ആലീസിന്റേയും മകനായ ആല്‍വിന്‍ കളപ്പുരയ്ക്കല്‍ നേടി.

സമ്മാന വിതരണത്തിനു മതബോധന സ്കൂള്‍ സെക്രട്ടറി റാണി കാപ്പന്‍, മലയാളം സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ റോസമ്മ തെനിയംപ്ളാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലയാളം സ്കൂളിലെ കുഞ്ഞുമക്കളുടെ നൃത്തപരിപാടി ഏറെ ഹൃദ്യമായി. ഗുഡ്വിന്‍ ഫ്രാന്‍സീസും, ജസ്റിന്‍ കുഞ്ചെറിയയും അവതാരകരായിരുന്നു. ആല്‍വിന്‍ കളപ്പുരയ്ക്കല്‍ നന്ദി പറഞ്ഞു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം