ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Saturday, May 16, 2015 5:04 AM IST
ന്യൂജേഴ്സി: മെയ് 23,24 തീയതികളില്‍ ന്യൂജേഴ്സിയില്‍ വച്ചു നടത്തപ്പെടുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ന്യൂജേഴ്സി ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സ് ആതിഥ്യത്വം വഹിക്കുന്ന 27-മതു ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത് ന്യൂജേഴ്സി ഹക്കന്‍സാക്കിലുള്ള ഫെയര്‍ലേ ഡിക്കിന്‍സണ്‍ യൂണിവേഴ്സിറ്റിയിലെ റോത്ത്മാന്‍ സെന്റര്‍ അരീനയാണ്.

അമേരിക്കയിലേയും കാനഡയിലേയും പ്രമുഖ നഗരങ്ങളിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് 13 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. മെയ് 23-നു ശനിയാഴ്ച മൂന്നു പൂളുകളിലായി നടത്തപ്പെടുന്ന ലീഗ് മത്സരങ്ങളോടുകൂടി ടൂര്‍ണമെന്റിനു തിരശീല ഉയരും. ലീഗ് മത്സരങ്ങളില്‍ നിന്നും നേടുന്ന പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ലീഗില്‍ നിന്നുമുള്ള മികച്ച രണ്ട് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും. ഇതില്‍ നിന്നും പൂള്‍ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും, രണ്ടും സ്ഥാനത്ത് എത്തിയ ടീമുകള്‍ സ്വമേധയാ സെമി ഫൈനലിനു അര്‍ഹത നേടും. ശേഷിച്ച നാല് ടീമുകള്‍ തമ്മില്‍ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്ന രണ്ട് ടീമുകളാകും സെമിഫൈനലില്‍ മാറ്റുരയ്ക്കുന്ന ഇതര ടീമുകള്‍. മെയ് 24-നു വൈകുന്നേരം നടത്തപ്പെടുന്ന ഫൈനല്‍ മത്സരത്തോടുകൂടി 27-മതു ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിനു തിരശീല വീഴും. ടൂര്‍ണമെന്റിലെ മോസ്റ് വാല്യുവബിള്‍ പ്ളെയര്‍, ബെസ്റ് ഡിഫന്‍സീവ് പ്ളെയര്‍, ബെസ്റ് സെറ്റര്‍ എന്നിവരെ കണ്െടത്തുന്നത് ടീം മാനേജര്‍മാരും റഫറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റിയാണ്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക നേതൃത്വം നല്‍കുന്ന ടൂര്‍ണമെന്റിന്റെ നടത്തിപ്പ് സംഘടനയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ സൂക്ഷ്മ നിരീക്ഷണത്തിലും, നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ്. അമേരിക്കന്‍ വോളിബോള്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് കെ.വി.എല്‍.എന്‍.എ അതിനായി സ്വീകരിച്ചിട്ടുള്ളത്. എട്ട് അംഗങ്ങളുള്ള ബോര്‍ഡിന്റെ അധ്യക്ഷന്‍ ഷിക്കാഗോയില്‍ നിന്നുള്ള ടോം കാലായില്‍ ആണ്. തോമസ് ഫിലിപ്പ്, മാത്യു ചെരുവില്‍, ജെയിംസ് ഇല്ലിക്കല്‍, ബാബു തീയാടിക്കല്‍, മാത്യു സക്കറിയ, ഷെരീഫ് അലിയാര്‍, ഷോണ്‍ ജോസഫ് എന്നിവരാണ് ബോര്‍ഡിലെ ഇതര അംഗങ്ങള്‍. ജെയ് കാലായില്‍, പ്രസാദ് ഏബ്രഹാം എന്നിവര്‍ ലീഗ് കോര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിക്കുന്നു.

ജിബി തോമസ് (ചെയര്‍മാന്‍), ജെംസണ്‍ കുര്യാക്കോസ്, മാത്യു സക്കറിയ (കോര്‍ഡിനേറ്റേഴ്സ്) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ടൂര്‍ണമെന്റിന്റെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.സ്ഹിമ.രീാ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ജെയ് കാലായില്‍, ഷിക്കാഗോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം