മസ്തിഷ്ക മരണം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ഗ്രാജുവേഷന്‍ മേയ് 18ന്
Friday, May 15, 2015 5:02 AM IST
ഐഓവാ: കാറപടകത്തില്‍ തലക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ പതിനേഴുകാരി ടെയ്ലര്‍ ഹെയ്ല്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വരികയും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ചെയ്തു.

ടെയ്ലറിനെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ മേയ് 18 നു നടക്കുന്ന ഗ്രാജുവേഷന്‍ സെറിമണിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു.

ഐഓവ വോക്കി ഹൈസ്കൂള്‍ സീനിയര്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 2011 സെപ്റ്റംബര്‍ ഒന്‍പതിനാണ് ടെയ്ലറിനു കാറപടകത്തില്‍ പരിക്കേറ്റത്. തുടര്‍ന്നു ആശുപത്രിയില്‍ മെഡിക്കലി ഇന്‍ഡ്യൂസ്ഡ് കോമയില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നു. അവസാനമായി കുടുംബാംഗങ്ങള്‍ ടെയ്ലറിനു ഗുഡ് ബൈ പറഞ്ഞു. ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്തു മരണാനന്തര ശുശ്രൂഷകള്‍ക്കു തയാറെടുക്കുകയായിരുന്നു.

ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്തതോടെ മരണത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചവരെ അത്ഭുതപ്പെടുത്തികൊണ്ട് മയക്കത്തില്‍ നിന്നും ടെയ്ലര്‍ ഉണര്‍ന്നു. പിന്നെ ടെയ്ലറില്‍ ജീവന്റെ തുടിപ്പുകള്‍ ദൈനംദിനം വര്‍ധിച്ചുവരികയും കിടക്കയില്‍ നിന്നും എഴുന്നേറ്റ് മറ്റുളളവരുടെ സഹായത്തോടെ നടക്കുകയും ചെയ്തു. തന്റെ കൂട്ടുക്കാരോടൊപ്പം ഗ്രാജുവേറ്റ് ചെയ്യണമെന്ന് ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുന്നതിന് തീവ്രശ്രമം നടത്തിയതിന്റെ ഫലമാണ് ഗ്രാജുവേഷന്‍ ലിസ്റില്‍ ടെയ്ലര്‍ ഇടം പിടിക്കാനായത്. അപകടത്തിനുശേഷം ടെയ്ലറിന് ബാല്യകാല സ്മരണകള്‍ നഷ്ടപ്പെട്ടിരുന്നു. ഗ്രാജുവേഷനുശേഷം അടുത്തുളള കമ്യൂണിറ്റി കോളേജില്‍ പഠനം തുടരുന്നതിനാണ് ടെയ്ലറുടെ ശ്രമം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍