ഇന്ത്യന്‍ സ്കൂള്‍ പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധം
Friday, May 15, 2015 4:13 AM IST
റിയാദ്: സ്കൂളിലേക്ക് സ്റ്റാഫിനെ റിക്രൂട്ടുചെയ്യുന്നതിനായി പ്രാദേശിക പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലെ അനൌചിത്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നിലവിലെ മാനേജിംഗ് കമ്മിറ്റിയുടെ പക്ഷപാതപരമായ സമീപനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തില്‍ വന്ന പരസ്യത്തിലാണ് ഫിനാന്‍സ് ഓഫീസറേയും അധ്യാപകരേയും റിക്രൂട്ട് ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകളെ പാടില്ലെന്നും ബിരുദാനന്തര ബിരുദത്തോടൊപ്പം ജോലിയിലുള്ള പരിചയം അഞ്ചു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ നാട്ടില്‍ നിന്നുള്ളതു മാത്രമെ പരിഗണിക്കുകയുള്ളൂ എന്നുമാണ് പരസ്യത്തിലുള്ളത്. ഇത് മുന്‍കൂട്ടി തയ്യാറാക്കി വെച്ച സ്വന്തം ആളെ തിരുകിക്കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണു രക്ഷിതാക്കള്‍ക്കിടയിലുള്ള സംസാരം.

നിലവില്‍ ഈ ജോലികളെല്ലാം ചെയ്യുന്ന ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള സ്ത്രീക്ക് ജോലിക്കയറ്റം നല്‍കിയാല്‍ തങ്ങളുടെ കളികള്‍ നടക്കില്ല എന്നതു കൊണ്ടാണ് ഈ രീതിയില്‍ അവര്‍ക്ക് മുകളില്‍ ഒരാളെ നിയമിക്കാനുള്ള ശ്രമമത്രെ. നിലവില്‍ ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നവര്‍ മാനേജ്മെന്റ് കമ്മറ്റിയംഗങ്ങള്‍ കൊണ്ടു വരുന്ന പല ബില്ലുകളും വിശദീകരണം ചോദിച്ച് മടക്കിയയക്കുന്നതും ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്.

ഈ പരസ്യം ഷെയര്‍ ചെയ്തു കൊണ്ട് ഫേസ്ബുക്കിലും റിയാദിലെ പ്രവാസികളുടെ ചില ഈമെയില്‍ ഗ്രൂപ്പുകളിലും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. റിയാദ് ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയിലെ മുന്‍ ചെയര്‍മാനടക്കം പലരും വ്യക്തമായ നിലപാടെടുക്കാതെ മാറി നില്‍ക്കുന്നതാണ് ഏകപക്ഷീയമായി പലതും സ്കൂളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. സ്കൂളിലെ നിയമനങ്ങളിലും ഫീസ് വര്‍ദ്ധനവിലും ഇന്ത്യന്‍ എംബസി ഉടനെ ഇടപെടണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍