അറ്റ്ലാന്റയില്‍ മിഖായേല്‍ മാലാഖയുടെ തിരുനാളും മദേഴ്സ് ഡേയും ആഘോഷിച്ചു
Thursday, May 14, 2015 8:11 AM IST
അറ്റ്ലാന്റ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാളും അസോസിയേഷന്‍ നേതൃത്വം നല്‍കിയ മദേഴ്സ് ഡേ ആഘോഷങ്ങളും മേയ് 10നു വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 10.30നു ദേവാലയ അങ്കണത്തിലേക്ക് എല്ലാ അമ്മമാരെയും പൂക്കള്‍ നല്‍കി അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചു. ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു.

തുടര്‍ന്നു കെസിവൈഎല്‍ നേതൃത്വം നല്‍കിയ കലാപരിപാടികള്‍ അമ്മമാര്‍ക്കായി അരങ്ങേറി. പരിപാടികള്‍ക്കു സറീന അറയ്ക്കല്‍, ആഭിഗേല്‍ കുടിലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് അലക്സ് അത്തിമറ്റത്തില്‍, വൈസ് പ്രസിഡന്റ് സില്‍വര്‍സ്റണ്‍ പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി സുനി ചാക്കോനാല്‍ എന്നിവര്‍ എല്ലാ പരിപാടികളുടെയും മേല്‍നോട്ടം വഹിച്ചു.

തിരുനാള്‍ പ്രസുദേന്തിമാരായ നീണ്ടൂര്‍, കൈപ്പുഴ ഇടവകാംഗങ്ങള്‍ ഏവര്‍ക്കും മനോഹരമായ സ്നേഹവിരുന്ന് തയാറാക്കിയിരുന്നു. മനോഹരമായ കലാപരിപാടികള്‍കൊണ്ട് അറ്റ്ലാന്റയിലെ ഈവര്‍ഷത്തെ മദേഴ്സ് ഡേ അവിസ്മരണീയമായി. ഫാബിന്‍ വട്ടക്കുന്നത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം