നഴ്സസ് ദിനം ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു
Thursday, May 14, 2015 2:51 AM IST
റിയാദ്: ഹാര സഫാമക്ക പോളിക്ളിനിക്കിന്റെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു. നേപ്പാള്‍ ദുരന്ത ഭൂമിയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍ക്കും സുരക്ഷാഭടന്‍മാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സഫാമക്കയില്‍ ദിനം ആചരിച്ചത്. ബ്രിട്ടനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും ക്രിമിയന്‍ യുദ്ധകാലത്ത് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തെരുവുകളില്‍ മുറിവേറ്റ് പിടഞ്ഞ സൈനികരെ ശുശ്രൂഷിക്കാന്‍ രാവും പകലും അധ്വാനിച്ച വിളക്കേന്തിയ വനിതയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ പാത പിന്തുടരാന്‍ ഇക്കാലത്തേയും ആതുര ശുശ്രൂഷകര്‍ ബാധ്യസ്ഥരാണെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്ത ഡോ. ഫൈറോസ പലോജി പറഞ്ഞു.

ഡോ. സെറീന്‍, അഞ്ജു കെ.എസ്, രമ്യ അഭിലാഷ്, ഷെറിന്‍ അലക്സ്, ലിന്‍സി ചാക്കോ, ഷൈമോള്‍ ജിജോ, ഷെറിന്‍ ജിനു, മിതു, ബാസിമ അമീന്‍, നൂര്‍ ഐന്‍ മഖാദര്‍, റസിയ ഷാഹിദ, ദിവ്യ മോഹന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍