പെരുമ്പാവൂര്‍ അസോസിയേഷന്‍ ധനസഹായം കൈമാറി
Thursday, May 14, 2015 2:51 AM IST
റിയാദ്: ഹൌസ് ഡ്രൈവറായി റിയാദില്‍ ജോലി ചെയ്യവേ മരണപ്പെട്ട മാറമ്പള്ളി സ്വദേശി തെക്കേയില്‍ സുധീറിന്റെ കുടുംബത്തിനു വേണ്ടി പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരില്‍ നിന്നും സമാഹരിച്ച ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ ധനസഹായം കൈമാറി. ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് അലി വാരിയത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പെരിമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജീവകാരുണ്യ കണ്‍വീനര്‍ മുഹമ്മദലി അമ്പാടന്‍ സുധീര്‍ സഹായ നിധി കണ്‍വീനര്‍ റസാഖ് മുസ്തഫയില്‍ നിന്നും തുക ഏറ്റുവാങ്ങി. പണം നാട്ടിലുള്ള സംഘടനയുടെ ഭാരവാഹികളായ നിസാം, ഫരീദ് ജാസ്, സലാം തണ്േടക്കാട് എന്നിവര്‍ സുധീറിന്റെ മകന്റെ പേരില്‍ 1.40 ലക്ഷം രൂപയുടെ എല്‍.ഐ.സി പോളിസിയും ഉമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച 20,000 രൂപയുടെ ചെക്കും നേരിട്ട് കൈമാറി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍