മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് കേരളവിഭാഗം റോഡ് സുരക്ഷാ സെമിനാര്‍ സംഘടിപ്പിക്കുന്നു
Wednesday, May 13, 2015 8:18 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് കേരളവിഭാഗം ഒമാന്‍ റോഡ് സേഫ്റ്റി അസോസിയേഷനുമായി ചേര്‍ന്നുകൊണ്ടു റോഡ് സുരക്ഷാ സെമിനാര്‍ സംഘടിപ്പിക്കുന്നു.

സമീപകാലത്ത് ഒമാനിലെ സ്കൂള്‍ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ദൃശ്യശ്രാവ്യ സാങ്കേതികസഹായത്തോടെ നടക്കുന്ന സെമിനാര്‍ മുഖ്യമായും ഇന്ത്യന്‍ സ്കൂളുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ദാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് ഹാളില്‍ മേയ് 17നു (ഞായര്‍) രാവിലെ 10ന് കേരള വിഭാഗത്തിന്റെ സാമൂഹ്യക്ഷേമ വിഭാഗമാണു സെമിനാര്‍ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി സാമൂഹ്യക്ഷേമ, കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഒമാനിലെ പ്രവാസികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കേരള വിഭാഗം ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്താനിരിക്കുന്ന സുരക്ഷാ സെമിനാറുകളുടെ തുടക്കംകുറിച്ചു കൊണ്ടുള്ള പരിപാടിയാണ് 17നു നടക്കാന്‍ പോകുന്നത്.

മസ്കറ്റ് മേഖലയിലെ എല്ലാ സ്കൂളുകളിലെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പൂര്‍ണമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പത്രകുറിപ്പില്‍ പറഞ്ഞു. ഒമാന്‍ റോഡ് സേഫ്റ്റി അസോസിയഷനുമായി കൈ കോര്‍ത്തുകൊണ്ട് റോഡപകടങ്ങളെകുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധാവാന്മാരാക്കുകയും അപകടങ്ങളില്ലാത്ത റോഡുകള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്യുക എന്നതാണു കേരളവിഭാഗം ലക്ഷ്യമിടുന്നതെന്നു സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം